സ്‌കൂളിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നു മേജർ അതിരൂപത പി.ആർ.ഒ. പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം.
തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഒരു രക്ഷകർത്താവ് അഡ്മിഷന് വേണ്ടി വന്നിരുന്നു. പ്രവേശനത്തിനായി നൽകേണ്ട അപേക്ഷാ ഫോമിൽ കുട്ടിയുടെ മതം എന്ന കോളം പൂരിപ്പിക്കാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ അത് രക്ഷകർത്താവിനാട് ചോദിച്ചു. അപ്പോൾ രക്ഷകർത്താവ് ആ കോളം പൂരിപ്പിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞു. രക്ഷകർത്താവിന് അങ്ങനെ ഒരു തീരുമാനമെടുക്കാൻ പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൽ സർക്കാർ, ഏതെങ്കിലും സ്കൂൾ വിദ്യാർത്ഥിക്കു നൽകുന്ന അനേകം ആനുകൂല്യങ്ങൾ ഏറെയും മതാടിസ്ഥാനത്തിലാണ്. പിൽക്കാലത്ത് ഏതെങ്കിലും വിദ്യാർക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്കായതു കൊണ്ട് അത് രേഖാമൂലം എഴുതി വാങ്ങേണ്ടതുണ്ട്. ഇതുമാത്രം സ്കൂൾ അധികൃതർ രക്ഷകർത്താവിനോട് ആവശ്യപ്പെട്ടു. കുട്ടിക്ക് ഒരിക്കലും അഡ്മിഷൻ നിഷേധിക്കുകയോ ഏതെങ്കിലും പ്രകോപനപരമായ പെരുമാറ്റം സ്കൂൾ അധികൃതരിൽ നിന്ന് ഉണ്ടാവുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല സ്കൂൾ ലോക്കൽ മാനേജർ വിവരം ശ്രദ്ധയിൽ പെട്ടപ്പോൾ അഡ്മിഷന് യാതൊരു തടസ്സവുമില്ല എന്ന് രക്ഷകർത്താവിനെ നേരിട്ടറിയിക്കുകയാണുണ്ടായത്. ഈ കാര്യമെല്ലാം മറച്ചുവച്ചു കൊണ്ട് സ്കൂളിനെതിരേ വ്യാപകമായ കുപ്രചരണം നടത്തുന്നത് വേദനാജനകമാണ്.
എൺപതു വർഷമായി തിരുവനന്തപുരം നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് സ്കൂൾ പതിമൂവായിരത്തിലധികം വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി മുന്നോട്ടു പോവുകയാണ്. ഈ നാട്ടിലെ നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾ യാതൊരു തരത്തിലുള്ള വിവേചനവുമില്ലാതെ ഈ സ്കൂളിൽ പഠിച്ചിറങ്ങുന്നത് എല്ലാവർക്കും അറിയാം. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ എന്ന ഖ്യാതി പട്ടം സെന്റ്മേരീസ് നേടിയത് എല്ലാവരേയും സ്വീകരിച്ചുകൊണ്ടാണ്; ആരേയും ഒഴിവാക്കിയല്ല. മതമുള്ള ജീവനേയും മതമില്ലാത്ത ജീവനേയും പഠിപ്പിക്കുന്നതിൽ എക്കാലത്തും സ്കൂളിന് തുല്യ പരിഗണനയാണുള്ളത്. അതിനാൽ അനാവശ്യമായ ഈ വിവാദം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
ഫാ. ബോവസ് മാത്യു മേലൂട്ട്
പി. ആർ. ഒ.,
തിരുവനന്തപുരം മേജർ അതിരൂപത