തിരുവനന്തപുരം വെള്ളറട, സ്വദേശിയുടെ ആത്മഹത്യയെ തുടർന്ന് ദുഃഖവും ഗവർണമെന്റ് നയത്തിൽ പ്രതിഷേധവും രേഖപ്പെടുത്തി കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത.
നാൾക്കുനാൾ ഉയർന്നു വരുന്ന പി.എസ്.സി അധികൃതരുടെ അനാസ്ഥയും പിൻവാതിൽ നിയമനവും കാരണം നിരവധി യുവജനങ്ങളുടെ ജീവിതം ഇരുട്ടിലായതായി അതിരൂപത ഡയറക്ടർ റവ. ഫാ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. അകാലത്തിൽ പൊലിഞ്ഞു പോയ അനു സമകാലിക കേരള സമൂഹത്തിൽ തൊഴിലില്ലായ്മ ദുരിതത്തിലാകുന്ന യുവാക്കളുടെ പ്രതിനിധിയാണ്.
സർക്കാർ ജോലി ലക്ഷ്യം വച്ച് അക്ഷീണം പരിശ്രമിക്കുന്ന യുവാക്കളുടെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാവുകയാണ് നിലവിലെ പി.എസ്.സി. നിയമനവ്യവസ്ഥകൾ എന്ന് അതിരൂപത പ്രസിഡൻറ് ഷൈജു റോബിൻ അഭിപ്രായപ്പെട്ടു.
”കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം ‘ജോലി ഇല്ലായ്മ’ എന്ന ആത്മഹത്യാകുറിപ്പെഴുതിയ യുവാവ് പി.എസ്.സി. നിയമന വ്യവസ്ഥയിലൂടെ പിന്തള്ളപ്പെട്ട അവസാന രക്തസാക്ഷിയായിരിക്കണം.
ആയതിനാൽ നിലവിലെ നിയമന വ്യവസ്ഥകളും റാങ്ക് ലിസ്റ്റിൻ്റെ കാലവധിയും പുന:പരിശോധിച്ചു കൊണ്ട് അർഹരായവർക്ക് നിയമനം നല്കണമെന്ന് കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമിതി അറിയിച്ചു.
അതിരൂപത പ്രസിഡൻ്റ് ശ്രീ.ഷൈജു റോബിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യുവജന ഡയറക്ടർ റവ. ഫാ. സന്തോഷ് കുമാർ, സെക്രട്ടറി ഫിലോമിന സിമി ഫെർണാണ്ടസ്, കെസിവൈഎം സംസ്‌ഥാന സിൻഡിക്കേറ്റ് അംഗം രേവതി എസ്., സെനറ്റ് അംഗം ജോബ്. ജെ, അനിമേറ്റർ റവ. സി. ലിസ്ന എന്നിവർ സന്നിഹിതരായിരുന്നു.
ഫിലോമിന സിമി ഫെർണാണ്ടസ്, സെക്രട്ടറി
കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത