തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന നവമാധ്യമ പ്രവർത്തകരുടെ സംഗമവും ശിൽപശാലയും മാർച്ച് 13 ശനിയാഴ്ച നടക്കും.
കഴിഞ്ഞ വർഷത്തെ വിശുദ്ധവാരം മുതലുള്ള ലോക്ഡൗൺ ദിവസങ്ങളിൽ സ്വന്തം ഇടവകകളിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ മുതൽ ഇടദിവസങ്ങളിലെ ദിവ്യബലി വരെ തത്സമയം സ്ട്രീം ചെയ്യുവാനും വേണ്ട സഹകരണം നൽകുവാനും തയ്യാറായി നിരവധി യുവാക്കളാണ് മുന്നോട്ട് വന്നത്. ഇടവക പരിപാടികളും വിവിധ മത്സരങ്ങളും വരെ നടത്തി പല ഇടവക മീഡിയ ടീമുകളും പുതിയ തുടക്കം ഈ രംഗത്ത് കുറിക്കുകയും ചെയ്തു.
നവമാധ്യമങ്ങളോടുള്ള സഭാവിശ്വാസികളുടെയും ഇടയരുടെയും മനോഭാവത്തിൽ പ്രകടമായ വ്യത്യാസം കോവിഡ് കാലഘട്ടത്തിൽ ദൃശ്യമായിരുന്നു. യുവാക്കളുടെ ഇത്തരം പങ്കാളിത്തവും സേവനതത്പരതയും മുതിർന്നവരെക്കൂടി ഈ മേഖലയിലേക്ക് ആകർഷിച്ചു എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
ഇത്തരം ഇടവക യുവാക്കളുടെ കൂടിവരവും ശിൽപശാലയുമാണ് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടക്കുക. രാവിലെ 10:00 ന് ആരംഭിക്കുന്ന ശിൽപശാലയിൽ ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള വിദഗ്ധർ ക്ളാസ്സുകളെടുക്കും. സാമൂഹിക മാധ്യമ ഇടപെടലുകളെയും അതിന്റെ നിയമ ധാർമ്മിക വശങ്ങളെയും സൗന്ദര്യാത്മക്മായ വശങ്ങളെയും കുറിച്ചും ചർച്ചകൾ നടക്കും.
അതോടൊപ്പം ഈ മേഖലയിൽ വർഷങ്ങളായി നിൽക്കുന്നവുരുടെ അനുഭവങ്ങളൂം പങ്കുവയ്ക്കപ്പെടും. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും 9188543271