സ്തോത്രഗീതത്തിൽ മറിയം ചെയ്തതുപോലെ നമ്മുടെ ജീവിതത്തിൽ ദൈവം ചെയ്ത നന്മകൾക്ക് നന്ദി പറയാനും അതിനായി ദൈവത്തെ സ്തുതിക്കാനും വിശ്വാസികളെ ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പ. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിൽ റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ഏഞ്ചലസ് സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ വിശ്വാസികൾക്ക് കൃതജ്ഞതയോടെ ഉദ്‌ബോധനം നൽകിയത്. 1950 നവംബർ 1-ന് പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിച്ച മറിയത്തെക്കുറിച്ചുള്ള വിശ്വാസസത്യം സ്വർഗ്ഗാരോപണ തിരുനാളിന്റെ മഹത്വം വർധിപ്പിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നതുപോലെ, “നമ്മുടെ ഇഹലോകവാസത്തിനിടയിൽ ദൈവജനത്തിന് ഉറപ്പുള്ള പ്രത്യാശയുടെയും സാന്ത്വനത്തിൻറെയും അടയാളമായി” സ്വർഗാരോപണം എന്ന സത്യം വിളങ്ങിടുന്നുവെന്നു ഫ്രാൻസിസ് പാപ്പ ഓർമിപ്പിച്ചു.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ വിശേഷിപ്പിച്ചത് മാനവകുലത്തിന് വലിയൊരു കുതിച്ചുചാട്ടമെന്നാണ്. എന്നാൽ മറിയത്തിന്റെ സ്വർഗപ്രവേശനത്തിൽ അതിനേക്കാൾ വലിയൊരു വിജയം നാം ആഘോഷിക്കുന്നു. നസ്രത്തിലെ കന്യക സ്വർഗത്തിലേക്ക് ആത്മശരീരങ്ങളോടെ കാലെടുത്തുവച്ചപ്പോൾ, അത് മനുഷ്യരാശിക്കുള്ള വലിയ കുതിച്ചുചാട്ടമായിരുന്നു. നാം വിലപ്പെട്ടവരാണെന്നും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ വിധിക്കപ്പെട്ടവരാണെന്നുമുള്ള പ്രത്യാശ ഈ സംഭവം നമുക്ക് നൽകുന്നു.നമ്മുടെ ശരീരം നാമാവശേഷമാകുവാൻ അനുവദിക്കുന്നില്ല. ദൈവത്തോടൊപ്പമുള്ളപ്പോൾ നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. മറിയത്തെപ്പോലെ നാമും ദൈവം നമുക്കായി ചെയ്യുന്ന നല്ല കാര്യങ്ങൾക്കായി അവിടുത്തെ മഹത്വപ്പെടുത്തുകയും നന്ദിപറയുകയും ചെയ്യുന്നുണ്ടോ എന്ന് സ്വയം ചോദിക്കാൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. അവിടുത്തെ സ്നേഹവും ക്ഷമയും ആർദ്രതയും അതിലേറെ അവന്റെ അമ്മയെയും സഹോദരീസഹോദരന്മാരെയും ഞങ്ങൾക്ക് നൽകിയതിന് നന്ദിപറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“നാം നന്മ മറന്നാൽ ഹൃദയം ചുരുങ്ങുന്നു. എന്നാൽ, മറിയയെപ്പോലെ, കർത്താവ് ചെയ്യുന്ന മഹത്തായ കാര്യങ്ങൾ നാം ഓർക്കുന്നുവെങ്കിൽ, ദിവസത്തിൽ ഒരു തവണയെങ്കിലും നാം അവനെ ‘മഹത്വപ്പെടുത്തുന്നു’വെങ്കിൽ, നാം ഒരു വലിയ ചുവടു മുന്നോട്ടുവയ്ക്കും, നമ്മുടെ ഹൃദയം വികസിക്കുകയും ജീവിതത്തിലെ സന്തോഷം വർദ്ധിക്കുകയും ചെയ്യും.” ഫ്രാൻസിസ് പാപ്പ പറഞ്ഞു.Prem Bonaventure