പ്രേം ബൊനവഞ്ചർ
കുരിശു വരച്ചുകൊണ്ടാണോ കുരിശു വഹിച്ചുകൊണ്ടാണോ സമൂഹമധ്യത്തിൽ വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടത് എന്ന് ആത്മപരിശോധന ചെയ്യാൻ യാക്കോബായ മെത്രാനെ ഓർമിപ്പിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം.
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ദേവാലയങ്ങളിൽ കൂട്ടംകൂടി നിൽക്കുന്ന ആളുകളെ ഉദ്ദേശിച്ചു യാക്കോബായ സുറിയാനി സഭയിലെ ഡോ. ഏലിയാസ് മാർ അത്തനേഷ്യസ് പറഞ്ഞ വാക്കുകൾക്ക് മറുപടിയുമായിട്ടാണ് അദ്ദേഹത്തിന്റെ പരാമർശം. യാക്കോബായ ബിഷപ്പിന്റെ ഈ പ്രസ്താവന തീരദേശത്തു വസിക്കുന്ന തന്നെപ്പോലുള്ള വ്യക്തികൾക്ക് വേദനയുണ്ടാക്കിയെന്നു ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള മത്സരത്തിൽ മുക്കുവർക്കുള്ള പങ്ക് എന്താണെന്ന് മനസിലാകുന്നില്ല. കുരിശു വരയ്ക്കാൻ അറിയാമെന്നു അഹങ്കരിച്ച് സമൂഹമധ്യത്തിൽ തമ്മിൽ മത്സരിക്കുന്നതാണോ തീരദേശത്തെ മുക്കുവർ അവഹേളനങ്ങളും അടിച്ചമർത്തലും ഉൾപ്പെടെയുള്ള കുരിശുകൾ വഹിച്ചതുപോലെയാണോ ക്രിസ്തുവിന് സാക്ഷ്യം വഹിക്കേണ്ടതെന്നു പറഞ്ഞുതരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തീരദേശത്തെ മുക്കുവർ എന്നറിയപ്പെടുന്ന മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്ന തരത്തിലുള്ള മാർ തിയഡോഷ്യസിന്റെ പരാമർശം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വഴിവച്ചത് സംഭവത്തിന്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികളിൽ ഇക്കഴിഞ്ഞ ഞായറാഴ്ച യാക്കോബായ സഭ വിശ്വാസികൾ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചതും അവിടെ ആൾക്കൂട്ടം കൂടിയതുമായി ബന്ധപ്പെട്ടാണ് മെത്രാന്റെ വിവാദ പരാമർശം.