അഭിവന്ദ്യ എം സൂസപാക്യം പിതാവിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, തിരുവനന്തപുരം അതിരൂപതാ കോർപ്പറേറ്റ് മാനേജമെൻറിന് കീഴിലുള്ള സ്കൂളുകൾ ക്കിടയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സീനിയർ വിഭാഗത്തിൽ സെൻറ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാളയവും, ജൂനിയർ വിഭാഗത്തിൽ സെൻറ്. വിൻസൻറ്സ് ഹൈസ്കൂൾ കണിയാപുരവും വിജയികളായി. കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി (9, 10 തിയതികളിൽ) തിരുവനന്തപുരം ആർ സി സ്കൂൾ മാനേജ്മെൻറ് കീഴിലുള്ള അധ്യാപകരുടെ സംഘടനയായ ഗിൽഡിന്റെ നേതൃത്വത്തിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്. 12 ടീമുകൾ അണിനിരന്ന ടൂർണമെൻറ് ദേവസ്വംമന്ത്രി ബഹുമാനപ്പെട്ട. ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ആരംഭിച്ച ലിഫ ഫുട്ബോൾ അക്കാദമിയുടെ വരവോടുകൂടി ഒട്ടനവധി ഫുട്ബോൾ താരങ്ങൾക്കാണ് സംസ്ഥാന ദേശീയതലത്തിലെ മുഖ്യധാരാ ഫുട്ബോളിലേക്ക് കടന്നുവരുവാൻ സാധിച്ചതും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം ഒരുങ്ങിയതും. അതിൻറെ പശ്ചാത്തലത്തിൽ RC സ്കൂൾസ് കോർപ്പറേറ്റ് മാനേജർ കൂടിയായ റവ. ഫാദർ ഡൈസൻ യേശുദാസ് നേതൃത്വത്തിൽ കഴിഞ്ഞവർഷം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ബാസ്ക്കറ്റ് ബോൾ അക്കാദമിയും തുടങ്ങി വിജയകരമായി പ്രവർത്തിച്ചുവരുന്നു.
വരുംവർഷങ്ങളിൽ ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവയോടൊപ്പം തന്നെ അത്ലറ്റിക്സിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട തയ്യാറെടുപ്പിലാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. അതിനായി അടുത്ത അധ്യയന വർഷത്തിലെ ആരംഭത്തിൽ തന്നെ ഒരു അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടത്തുവാനും അതിൽ പ്രാഗല്ഭ്യം തെളിയിക്കുന്ന കുട്ടികളെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി, അവർക്ക് വേണ്ട ശാസ്ത്രീയ പരിശീലനവും വിദ്യാഭ്യാസവും നൽകുവാൻ വേണ്ട ഒരുക്കങ്ങളും ആരംഭിച്ചതായി കോർപ്പറേറ്റ് മാനേജർ ഫാ. ഡൈസൻ പറഞ്ഞു. സമാപനസമ്മേളനത്തിൽ വിജയികൾക്കായി കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ ഡയറക്ടർ ഡോ. ജയരാജ് ഡേവിഡ് സമ്മാനദാനം നിർവഹിച്ചു. വിജയികൾക്ക് വ്യക്തിഗത മെഡലുകളും 10,000 രൂപയും. രണ്ടാം സ്ഥാനക്കാർക്ക് വ്യക്തിഗത മെഡലുകളും 5000 രൂപയും സമ്മാനമായി നൽകി. ടൂർണമെൻറ് കൺവീനർ ശ്രീ രാജു ലൂക്കോസ് ടൂർണമെൻറിൽ പങ്കെടുത്ത ടീമുകൾക്കും, ടൂർണമെൻറ് വിജയകരമായി സംഘടിപ്പിക്കുവാൻ അണിചേർന്ന ടീച്ചേഴ്സ് ഗിൾഡിലെ എല്ലാ അംഗങ്ങൾക്കും നന്ദി അർപ്പിച്ചു