പ്രേം ബൊണവഞ്ചർപുതിയനിയമമനുസരിച്ച് യേശുവിന്റെ രൂപാന്തരീകരണം നടന്ന താബോർ മലയുടെ താഴ്വാരത്തിൽ 1,300 വർഷം പഴക്കമുള്ള ബൈസന്റൈൻ രീതിയിൽ നിർമിച്ച പള്ളി പുരാവസ്തുഗവേഷകർ കണ്ടെത്തി. പർവതത്തിന്റെ ചുവട്ടിൽ സ്ഥലമാണിത്. ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയും കിന്നറെറ്റ് അക്കാദമിക് കോളേജുമായി സഹകരിച്ചു നടത്തുന്ന ഖനനത്തിലാണ് ഗലീലിയൻ ഗ്രാമമായ ക്ഫർ കാമയിൽ പള്ളി കണ്ടെത്താനായത്. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് നിർമ്മിച്ച ഒരു മഠത്തിന്റെ ഭാഗമായിരുന്നു പള്ളി എന്ന് ഗവേഷകർ കരുതുന്നു.ബൈസന്റൈൻ യുഗത്തിന്റെ ആരംഭം മുതൽ ക്രിസ്ത്യാനികൾ വളരെയധികം പ്രാധാന്യത്തോടെ കരുതുന്ന പ്രദേശത്താണ് ഈ ദേവാലയം കണ്ടെടുക്കപ്പെട്ടത്. ആറാം നൂറ്റാണ്ടിൽ ഗലീലിയിൽ അനേകം പള്ളികൾ നിർമ്മിക്കപ്പെട്ട കാലത്താവാം ഇതിന്റെ നിര്മാണമെന്ന് ഇവിടെനിന്നു കണ്ടെത്തിയ മൺപാത്രങ്ങൾ സൂചിപ്പിക്കുന്നു. ഉത്ഖനന വേളയിൽ ജ്യാമിതീയരൂപങ്ങൾ പോലെയുള്ള ചുവന്ന ടൈലുകളും വർണ്ണാഭമായ മൊസൈക്കുകളും കണ്ടെത്തി. കല്ലിൽ തീർത്ത ഒരു പെട്ടിയിൽ ഒരു വിശുദ്ധന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയെങ്കിലും ആരുടേതാണെന്ന് സ്‌ഥിരീകരിച്ചിട്ടില്ല.ഇസ്രായേൽ സയൻസ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ വിശുദ്ധ നാടുകളിലെയും മെഡിറ്ററേനിയനിലെയും പള്ളികളെക്കുറിച്ചുള്ള ഒരു പുരാവസ്തു ഗവേഷണ പദ്ധതിയുടെ ഭാഗമായുള്ള ഖനനമാണിത്.