ടൂറ (മേഘാലയ): മേഘാലയയിലെ ഗാരോ മലനിരകളില്‍ പരന്നുകിടക്കുന്ന ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ ഡോ. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ അഭിഷിക്തനായി. ടൂറയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലാണ് അഭിഷേക കര്‍മ്മങ്ങള്‍ നടന്നത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ, ജയിംസ് കെ. സാംഗ്മ, അഗത കെ. സാംഗ്മ എംപി എന്നിവരും, എംഎല്‍എമാരും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാമൂഹിക മേഖലകളില്‍നിന്നുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. പുതിയ മെത്രാന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ശുശ്രൂഷകളില്‍ പങ്കുചേരുന്നതിന്റെ ചിത്രങ്ങള്‍ അടിയുറച്ച കത്തോലിക്ക വിശ്വാസി കൂടിയായ മുഖ്യമന്ത്രി സാംഗ്മ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
ടൂറ രൂപത മെത്രാന്‍ ഡോ. ആന്‍ഡ്രൂ ആര്‍. മരാക്ക് മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായിരുന്നു. ബിഷപ്പ് എമരിറ്റസ് ഡോ. ജോര്‍ജ് മാമലശേരി, ബൊംഗെയ്‌ഗോണ്‍ ബിഷപ്പ് ഡോ. തോമസ് പുല്ലോപ്പിള്ളില്‍, ജൊവായ് ബിഷപ്പ് ഡോ. വിക്ടര്‍ ലിംഗ്‌ദോ എന്നിവരും നൂറോളം വൈദികരും സഹകാര്‍മികരായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം ലത്തീനിലും ഇംഗ്ലീഷിലും ചടങ്ങില്‍ വായിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിന്നു ശുശ്രൂഷകള്‍.
1960 ജൂലൈ 14നു കറുകുറ്റി ചിറയ്ക്കല്‍ അയിരൂക്കാരന്‍ പരേതരായ ജോസഫ് അന്നം ദമ്പതികളുടെ മൂത്ത മകനായി ജനിച്ച മോണ്‍. ജോസ് 1976ല്‍ ടൂറ രൂപതയില്‍ വൈദിക വിദ്യാര്‍ത്ഥിയായി. ഷില്ലോംഗിലെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയിലും െ്രെകസ്റ്റ് കിംഗ് കോളജിലും ഓറിയന്‍സ് തിയോളജിക്കല്‍ കോളജിലും വൈദികപഠനം പൂര്‍ത്തിയാക്കി. 1987 ഡിസംബര്‍ 29നു ടൂറ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് 1995ല്‍ റോമിലെ ഉര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി.
1988ല്‍ സെല്‍സല്ല സെന്റ് ജോസഫ്‌സ് പള്ളിയില്‍ അസി.വികാരിയായി സേവനം തുടങ്ങിയ ഇദ്ദേഹം ദാലു സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ടൂറ സെന്റ് പീറ്റേഴ്‌സ് മൈനര്‍ സെമിനാരിയില്‍ റെക്ടറായും തുടര്‍ന്ന് രൂപത പ്രൊക്കുറേറ്ററും ചാന്‍സലറുമായും സേവനമനുഷ്ഠിച്ചു. 2011ല്‍ കത്തീഡ്രല്‍ വികാരിയായി. തുടര്‍ന്ന് ഓറിയന്‍സ് തിയോളജിക്കല്‍ കോളജില്‍ റെക്ടറായി പ്രവര്‍ത്തിച്ചു. രൂപതയുടെ പ്രൊക്യൂറേറ്ററായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം.