വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് പ്രത്യേക അനുസ്മരണ ദിവ്യബലിയോടെ ആചരിച്ചു. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനവും ഈ ദിവസമാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
വ്യാഴാഴ്ച വൈകിട്ട് 5.30ന് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൃതജ്ഞത ദിവ്യബലി അർപ്പിച്ചു. അതിരൂപതയിലെ ബഹുമാനപ്പെട്ട വികാർ ജനറൽമാർ, വൈദികർ, സന്യസ്തർ, അല്മായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ദിവ്യബലിക്കുശേഷം കബറിടത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും നടന്നു. ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള കാരുണ്യവും തൻറെ ജീവിതത്തിൽ സമന്വയിപ്പിച്ച വ്യക്തിത്വമായിരുന്നു ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി എന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. എത്ര വലിയ ത്യാഗം ഏറ്റെടുത്തുകൊണ്ടും ദൈവജനത്തെ ശുശ്രൂഷിക്കാൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്ത പരിശ്രമിച്ചു .
അദ്ദേഹത്തിന്റെ കാലത്ത് അതിരൂപതയിലെ എല്ലാ വീടുകളും അദ്ദേഹം സന്ദർശിച്ചു. അതിലൂടെ ജനങ്ങളുടെ മനസ്സുകളിലേക്കാണു അദ്ദേഹം കടന്നുചെന്നത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശുശ്രൂഷ സ്ഥാപനങ്ങളും അദ്ദേഹം ആരംഭിക്കുകയുണ്ടായി. സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാൻ വിവിധ പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചു.
ആഴമേറിയ പ്രാർത്ഥനാ ജീവിതവും അതിരൂപതയുടെ വളർച്ചക്കായുള്ള നിരന്തര പരിശ്രമവും ആ ജീവിതത്തിൻറെ പ്രത്യേകതയായി ആർച്ച് ബിഷപ്പ് എടുത്തു പറഞ്ഞു. എത്രയും പെട്ടെന്ന് അദ്ദേഹം അൾത്താര വണക്കത്തിനായി ഉയർത്തപ്പെടാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്ന് വിശ്വാസികളെ അദ്ദേഹം ഓർമിപ്പിച്ചു.
(കടപ്പാട് : ജീവനാദം)