ലോകവും, മനുഷ്യന്റെ ചിന്താഗതികളും ദിനംപ്രതി മാറുകയാണ്. ഇന്ന് നമുക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധരെ ഒത്തിരി ആവശ്യമുണ്ടെന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു പ്രത്യേക ആവേശം തോന്നുമെങ്കിലും, എങ്ങനെ അതിനു സാധിക്കും എന്ന് നമ്മൾ തന്നെ ചിന്തിച്ചു പോകും. കാരണം വിശുദ്ധിയുള്ള ജീവിതം ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നല്ലേ എന്ന് കത്തോലിക്കാ യുവത്വം സന്ദേഹപ്പെടുന്നുണ്ട്.
2020 മെയ് 6-ന്റെ പൊൻപുലരിയിൽ റോമിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ ധന്യ പദവിയിലേക്കുയർത്തിയ 5 പേരിൽ, ജീൻസ് ധരിച്ചിരുന്ന, ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന, സംഗീതം അഭ്യസിച്ചിരുന്ന, കൂട്ടുകാരുമൊത്ത് ചുറ്റികറങ്ങിയിരുന്ന, പ്രണയിച്ചിരുന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാധ്യതകളെ ഉപയോഗപെടുത്തിയിരുന്ന ഒരു 90’s കിഡ് യുവാവും ഉണ്ടായിരുന്നു.
ഇറ്റലിയിലെ അവെല്ലിനോയിൽ 1990 സെപ്റ്റംബർ 19-നായിരുന്നു മത്തെയോ ഫരീനയുടെ ജനനം. കത്തോലിക്കാ മാതാപിതാക്കളുടെ പരിലാളനയിലും ശിക്ഷണത്തിലും, ബ്രിന്ദിസിയിൽ വളർന്ന മത്തെയോ, വിശുദ്ധ കുർബാനയും, ജപമാല പ്രാർത്ഥനയും, അനുദിന വചന വായനയും മുടക്കിയിരുന്നില്ല. എല്ലാ ആഴ്‌ചയിലും കുമ്പസാരവും അവൻ പതിവാക്കിയിരുന്നു. രണ്ടാമത്തെ ക്രിസ്തു എന്ന് ലോകം വിളിച്ചിരുന്ന അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസ്സും, മിശിഹായുടെ പഞ്ചക്ഷതങ്ങൾ സ്വശരീരത്തിൽ സ്വീകരിച്ച വിശുദ്ധ പാദ്രെ പിയോയുമായിരുന്നു അവന്റെ ഇഷ്ട വിശുദ്ധർ. ഒമ്പതാം വയസ്സിൽ സ്വപ്‌നത്തിൽ പാദ്രെ പിയോ വന്ന് മത്തെയോയോട് പറഞ്ഞു, “പാപമില്ലാത്തവർ സന്തുഷ്ടരായിരിക്കും”. ഈ രഹസ്യം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ വിശുദ്ധൻ മത്തെയോയെ ചുമതലപ്പെടുത്തി. മത്തെയോ ഈ ലോകത്തിൽ ചെയാനാഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരിക്കൽ ഇങ്ങനെ എഴുതി, “എന്റെ ജീവിത ദൗത്യമാണ് ഈശോയെ കുറിച്ച് മറ്റുള്ളവരോട് പറയുക എന്നുള്ളത്. അതിനായി എന്റെ ചുറ്റിലുമുള്ളവരെ ഞാൻ നിരീക്ഷിക്കുകയും അവരിലേക്ക് ഒരു ‘സൈലൻറ് വൈറസ്’ ആയി ഞാൻ വ്യാപിക്കുകയും ചെയ്യും. ആ വൈറസ് അവരെ ഒരു മാറാരോഗിയാക്കും; സ്നേഹമാണ് ആ രോഗം.”
തന്റെ പതിമൂന്നാം വയസ്സിൽ, നിരന്തരമായ തലവേദനയും കാഴ്‌ച തടസങ്ങളും അനുഭവപ്പെട്ടതിനെ തുടർന്നുള്ള വൈദ്യപരിശോധനകളിൽ മത്തെയോക്ക് തലച്ചോറിൽ ട്യൂമറാണെന്ന് സ്ഥിതീകരിച്ചു. പിന്നീടുള്ള ആറു വർഷങ്ങൾ ചികത്സകളുടെയും ഓപ്പറേഷനുകളുടെയും കാലമായിരുന്നെങ്കിലും സ്‌കൂളിൽ പോകുന്നതിനും കൂട്ടുക്കാരുമൊരുമിച്ച് സമയം ചിലവഴിക്കുന്നതിലും മുടക്കം വരുത്തിയിരുന്നില്ല. ചെറുപ്പം മുതലേ സംഗീതോപകരണങ്ങൾ അഭ്യസിച്ചിരുന്ന മത്തെയോ സുഹൃത്തുക്കളുമൊന്നിച്ച് ഒരു ബാന്റും തുടങ്ങി. കമ്പ്യൂട്ടർ സയൻസും കെമിസ്ട്രിയുമായിരുന്നു പഠനത്തിലെ ഇഷ്ടവിഷയങ്ങൾ. വലുതാകുമ്പോൾ environmental engineering ബിരുദമെടുക്കണമെന്ന് മത്തെയോ പറയുമായിരുന്നു.
സഹനങ്ങളുടെ ഈ കാലയളവിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും മത്തെയോയിൽ ആഴപ്പെട്ടു. അമ്മയുടെ വിമലഹൃദയത്തിന് അവൻ തന്നെതന്നെ പ്രതിഷ്ഠിച്ചു. കരുത്താർജിക്കാനും വിശ്വാസത്തിൽ വളരുവാനും ദൈവം അനുവദിച്ച ഒരവസരമായിട്ടാണ് സഹനങ്ങളെ മത്തെയോ വിശേഷിപ്പിച്ചത്.
പതിനാറാം വയസ്സിൽ സെറീന എന്ന പെൺകുട്ടിയുമായി മത്തെയോ പ്രണയത്തിലായി. മത്തെയോയുടെ മരണം വരെ നീണ്ട അവരുടെ പ്രണയത്തെ, ദൈവത്തിന് നൽകാൻ കഴിയുന്നതിൽവച്ച് ഏറ്റവും മനോഹരമായ സമ്മാനമായാണ് അവർ കണ്ടിരുന്നത്. ട്യൂമർ നീക്കം ചെയ്യുവാനുള്ള മൂന്നാമത്തെ ഓപ്പറേഷനും കഴിഞ്ഞതോടെ 2009 ഫെബ്രുവരിയിൽ ഇടത്തെ കൈകാലുകൾ തളരുകയും പൂർണമായി വീൽചെയറിനെ ആശ്രയിക്കുകയും ചെയ്യേണ്ടതായി വന്നു. 2009 ഏപ്രിൽ ഇരുപത്തിനാലാം തിയതി, തന്റെ പതിനെട്ടാമത്തെ വയസ്സിൽ, കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മത്തെയോ നിത്യതയിലേക്ക്, തന്റെ നിത്യ സമ്മാനത്തിനായി യാത്രയായി.
വിശുദ്ധിയുള്ള ജീവിതത്തിന് ളോഹയും തിരുവസ്ത്രവുമൊന്നും നിർബന്ധമില്ല എന്ന് ധന്യൻ മത്തെയോ ഫരീന നമ്മെ ഓർമപ്പെടുത്തുന്നു. സൗഹൃദങ്ങളെ ഇഷ്ടപ്പെടാത്തവരായി നമ്മിൽ ആരാണ് ആരാണുള്ളത്? ഈ സൗഹൃദവലയങ്ങൾ ഈശോയെ പ്രഘോഷിക്കുവാനുള്ള വേദിയാക്കി മാറ്റുകയും, ഈശോയുടെ ഉറ്റസുഹൃത്തായിരിക്കുകയും ചെയ്യുന്നതാണ് വിശുദ്ധിയിലേക്കുള്ള മാർഗം എന്ന് ഈ 90’s കിഡ് നമ്മെ പഠിപ്പിക്കുന്നു. നമുക്കും സ്നേഹിക്കാം വിശുദ്ധ കുർബാനയെ, സഭാമാതാവിനെ, ദൈവവചനത്തെ, കൂദാശകളെ, പരിശുദ്ധ അമ്മയെ, വിശുദ്ധരെ…………
ചങ്ക് പിളർന്ന് നൽകിയ ചങ്കായ ഈശോയെ നമ്മുടെ സുഹൃത്തുക്കൾക്കും പരിചയപ്പെടുത്താം. മത്തെയോയെപോലെ നമുക്കും ഒന്ന് ശ്രമിച്ചാലോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ, പാപമില്ലാത്ത, സന്തുഷ്ടരായ വിശുദ്ധരാകാൻ?
✍️ Sibil Rose