News Courtesy Vatican News@ ഫാദര്‍ വില്യം നെല്ലിക്കല്‍
1. ലത്തിന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ
സമ്പൂര്‍ണ്ണ സമ്മേളനം
ജീവന്‍റെയും സാഹോദര്യത്തിന്‍റെയും സംസ്കാരം വളര്‍ത്തണമെന്ന് മുമ്പൈ അതിരൂപതാദ്ധ്യക്ഷനും ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 16-Ɔο തിയതി ഞായറാഴ്ച ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CCBI – Conference of the Catholic Bishops of India) ബാംഗളൂര്‍ ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ സംഗമിച്ച ഏകദിന സമ്പൂര്‍ണ്ണ സംഗമത്തിനു നല്കിയ ആമുഖ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
2. ജീവനെക്കുറിച്ച് സഭയ്ക്കുള്ള പതറാത്ത നിലപാട്
ഗര്‍ഭധാരണത്തിന്‍റെ 24 ആഴ്ചവരെയുള്ള കാലഘട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും അമ്മയുടെ ഉദരത്തില്‍നിന്നും ഭ്രൂണം ഇല്ലാതാക്കാനുള്ള അനുമതി നല്കുന്ന നിയമം നടപ്പിലാക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്‍റെ നീക്കളോടു വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രസ്താവിച്ചത്. ഗര്‍ഭധാരണത്തിന്‍റെ ആദ്യനിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന സഭയുടെ നിലപാട് കര്‍ദ്ദിനാള്‍ ഗ്രേഷ്സ് അടിവരയിട്ടു പ്രസ്താവിച്ചു. ഗര്‍ഭധാരണത്തിന്‍റെ ആദ്യനിമിഷം മുതല്‍ വ്യക്തിയുടെ സ്വാഭാവികമായ മരണംവരെയ്ക്കും ജീവന്‍റെ പരിശുദ്ധി, അന്തസ്സ്, സംരക്ഷണം എന്നിവയെ സംബന്ധിച്ച സഭയുടെ നിലപാട് പതറാത്തതാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സമര്‍ത്ഥിച്ചു.
അതിനാല്‍ അജപാലന മേഖലയില്‍ ജീവനെക്കുറിച്ച്, പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന്‍റെ ഭ്രൂണത്തോടുള്ള സമീപനത്തില്‍ സഭയ്ക്കുള്ള നീതിയുക്തവും ശരിയുമായ പ്രബോധനം വിശ്വാസികളെ അറിയിക്കുവാനും മനസ്സിലാക്കിക്കൊടുക്കുവാനും മെത്രാന്മാര്‍ക്കുണ്ടെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
3. ഭാരതത്തിലെ ലത്തീന്‍ സഭ
ഭാരതത്തിലെ 132 ലത്തീന്‍ രൂപതകളില്‍നിന്നായി 190 മെത്രാന്മാരുള്ള ഏഷ്യഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മെത്രാന്‍സമിതിയാണിത്. വലുപ്പംകൊണ്ട് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ലോകത്ത് 4-Ɔο സ്ഥാനത്തു നില്ക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ഗോവ അതിരൂപതയുടെ മെത്രാപ്പോലീത്തയും പാത്രിയര്‍ക്കീസുമായ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോയാണ് മെത്രാന്‍ സമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ്. മുമ്പൈ അതിരൂപതാദ്ധ്യക്ഷനും, ഭാരതത്തിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജാംബത്തീസ്ത ദിക്വാത്രോ എന്നിവര്‍ 32–Ɔമത് സമ്പൂര്‍ണ്ണ സമ്മേളനത്തിന് നേതൃത്വംനല്കിയെന്ന് മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി, ഫാദര്‍ സ്റ്റീഫന്‍ അലത്തറ അറിയിച്ചു.
4. വത്തിക്കാന്‍ സ്ഥാനപതിയുടെ സാന്നിദ്ധ്യം
വത്തിക്കാന്‍റെ ഭാരതത്തിലെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജ്യാന്‍ബത്തീസ്ത ദിക്വാത്രോയാണ് ഭാരതത്തിലെ ലത്തീന്‍ സഭയുടെ സമ്പൂര്‍ണ്ണ സമ്മേളനം ഞായറാഴ്ച രാവിലെ സമൂഹബലി അര്‍പ്പിച്ചുകൊണ്ട് തുടക്കം കുറിച്ചത്. കൊറോണവൈറസിന്‍റെ പിടിയില്‍ ക്ലേശിക്കുന്ന ചൈനയിലെ ജനങ്ങള്‍ക്കുവേണ്ടിയും മറ്റു രാജ്യങ്ങളിലെ രോഗികള്‍ക്കുവേണ്ടും പ്രത്യേകം പ്രാര്‍ത്ഥിക്കണമമെന്ന് ആര്‍ച്ചുബിഷപ്പ് ദിക്വാത്രോ അഭ്യര്‍ത്ഥിച്ചു.
5. ഭാരതത്തിലെ ലത്തീന്‍ സഭാദ്ധ്യക്ഷന്‍
പാത്രിയര്‍ക്കിസ് ഫിലിപ്പ്നേരി ഫെറാവോ
ജനങ്ങള്‍ ഏറെ പ്രയാസങ്ങള്‍ നേരിടുന്ന പ്രതിസന്ധികളുടെ ഇക്കാലഘട്ടത്തില്‍ സാഹോദര്യവും സമാധാനവും ദേശീയോദ്ഗ്രഥനവും വളര്‍ത്താന്‍ പ്രാദേശിക സഭാതലത്തില്‍ മെത്രാന്മാര്‍ പരിശ്രമിക്കണമെന്ന് ദേശീയ ലത്തിന്‍ സഭാ സമിതിയുടെ പ്രസിഡന്‍റും, ഗോവയുടെ പാത്രിയര്‍ക്കിസുമായ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോ സമ്മേളനത്തെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സഹോദര മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.