പഞ്ചായത്തിൽ ക്‌ളർക്കായി ജോലി ചെയ്യുന്ന കൈമനം സ്വദേശി വിജയലക്ഷ്മിയുടെ ക്രിസ്മസ് ആശംസയുടെ പൂർണ്ണരൂപം
ദൂരദർശനിൽ ആ ക്രിസ്തുമസിന് സംപ്രേഷണം ചെയ്ത യേശുവിനെ കുറിച്ചുള്ള സിനിമ കാണുകയാണ് ഞാൻ. മിശിഹാ ചരിത്രമോ ജിസസോ ആണ്. മൂന്നാം ക്ലാസിലാണെന്നാണ് ഓർമ. മൂന്നാം ക്ലാസിലായിരുന്നുവെങ്കിലും അപ്പോഴേയ്ക്കും ധാരാളം പടങ്ങൾ കണ്ടു കഴിഞ്ഞിരുന്നു ഈ ഞാൻ. സിനിമയിലെ നായകന്റെ ഇമേജിനേയും ഡയലോഗിനേയും സ്റ്റണ്ടിനേയും കുറിച്ചൊക്കെ നല്ല ധാരണയുണ്ട്.
താടി വച്ച നായകന്റെ പേര് യേശു. സിനിമയുടെ ഒരു ടേണിംഗ് പോയിന്റിൽ ഞാൻ ഞെട്ടിപ്പോയി. പാപിയെന്ന് വിളിച്ച് ഒരു സ്ത്രീയെ ആൾക്കൂട്ടം കല്ലെറിയുകയാണ്. അപ്പോൾ നമ്മുടെ നായകൻ അവിടെയെത്തി, ശാന്തനായി പറയുന്നു: നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയൂ…. ഓരോരുത്തരുടേയും കൈയിൽ നിന്ന് കല്ലുകൾ ഊർന്നു വീഴുന്നു. എന്തൊരു ഡയലോഗാണ് നായകൻ പറഞ്ഞത്. പാപം ചെയ്തവരെ വെറുക്കാനാണല്ലോ ഇതുവരെ കേട്ടത്. ഇയാളൊരു സൂപ്പർ ഹീറോ തന്നെ.
ദാ പിന്നയാൾ പറയുന്നു: ഒരു ചെകിട്ടത്ത് അടിച്ചാൽ, മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ… ഇയാൾ ആള് കൊള്ളാമല്ലോ! ഒരടി കിട്ടിയാൽ പത്തടി തിരിച്ചു കൊടുക്കുന്ന നായകൻമാരുള്ള സിനിമയേ ഇന്നേ വരെ കണ്ടിട്ടുള്ളൂ. ഈ താടി വച്ച നായകൻ കംപ്ലീറ്റ് വൈറൈറ്റി ആണല്ലോ!…
പിന്നേയും പിന്നേയും നായകൻ പഞ്ച് ഡയലോഗുകൾ പറഞ്ഞ് അത്ഭുതപ്പെടുത്തുകയാണ്. അയാള് ശാന്തനായി പാട്ടു പാടുന്ന പോലെ പറയുകയാണ്: ശത്രുവിനെ സ്നേഹിപ്പിൻ. ഇയാൾ എന്തൊരു മനുഷ്യനാണ്. ശത്രുവിനെ കൊല്ലുന്നതാണ് ഇന്നുവരെ സിനിമയിൽ കണ്ടിട്ടുള്ളത്. ഇയാള് മാസ്സാണല്ലോ.
ദു:ഖിതരേ എന്റെ കൂടെവരൂ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം… എന്ന് പറയുന്നു.. സാധാരണ നായകൻ നായികയെ മാത്രേ ആശ്വസിപ്പിക്കാറുള്ളൂ. ഇയാള് ദു:ഖിതരെ മൊത്തമായി വിളിക്കയാണ്….. നായകാ, ആ വിളിയിൽ ഇന്നും ആശ്വസിക്കുന്നു ഞാൻ!
പുള്ളിക്കാരന്റെ അവസാനത്തെ ഡയലോഗാണ് കിടു.. തന്നെ കൊല്ലുന്നവരെ പറയുകയാ: ഇവര് എന്നതാ ചെയ്യുന്നതെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ എന്ന്. എന്നാ പറയാനാ?!….
ഇങ്ങനൊരു സൂപ്പർമാന്റെ പിറന്നാള് ലോകം മുഴുവൻ കേക്ക് മുറിച്ച് ആഘോഷിക്കാതെന്നാ ചെയ്യാനാ!??…