പ്രേവാസികളുടെ തിരിച്ചുവരവിൽ സുരക്ഷിതമായ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാരിനു തുണയായത് ധ്യാനകേന്ദ്രങ്ങൾ. ക്വാറന്‍റൈൻ താമസത്തെക്കുറിച്ച് ഏറെ ആശങ്കകളുമായി വന്ന പ്രവാസികൾക്കും കത്തോലിക്ക സഭയുടെ ധ്യാനകേന്ദ്രങ്ങളിലെ സുരക്ഷിതത്വവും സൗകര്യങ്ങളും ഏറെ ആശ്വാസം പകർന്നിരിക്കുകയാണ്.
സർക്കാർ നിരവധി കോളജ് ഹോസ്റ്റലുകളും മറ്റും ക്വാറന്‍റൈൻ സെന്‍ററുകളാക്കാൻ ഏറ്റെടുത്തിരുന്നെങ്കിലും ബാത്ത് അറ്റാച്ച്ഡ് റൂമുകൾ വേണമെന്ന ആരോഗ്യവകുപ്പിന്‍റെ നിർദേശം ഇവിടെ പലേടത്തും തടസമായി വന്നു. ഹോസ്റ്റലുകളിൽ പലേടത്തും പൊതുവായ ബാത്ത്റൂം സൗകര്യങ്ങളാണ് ഉള്ളത്. ഇതോടെയാണ് ധ്യാനകേന്ദ്രങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വന്നത്.
കത്തോലിക്ക സഭ നേരത്തെതന്നെ ധ്യാനകേന്ദ്രങ്ങളും ഇതരസ്ഥാപന സൗകര്യങ്ങളും കോവിഡ്-19 പ്രതിരോധത്തിനായി സർക്കാരിനു വിട്ടുകൊടുത്തിരുന്നു.
മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രം, പോട്ട ആശ്രമം, പരിയാരത്തെ സെന്‍റർ ഫോർ സ്പിരിച്വൽ റിയലൈസേഷൻ(സിഎസ്ആർ) എന്നീ ധ്യാന കേന്ദ്രങ്ങളും തൃശൂർ അതിരൂപതയുടെ അളഗപ്പ പോളിടെക്നിക്കിലെ ആനിമേഷൻ സെന്‍ററുമാണ് തൃശൂർ ജില്ലയിലെ പ്രധാന ക്വാറന്‍റൈൻ കേന്ദ്രങ്ങൾ.
വിൻസെൻഷ്യൻ സന്യാസ സമൂഹത്തിന്‍റെ ഡിവൈൻ ധ്യാനകേന്ദ്രത്തിന്‍റെ ഇംഗ്ലീഷ് വിഭാഗം കെട്ടിടത്തിൽ 150 മുറികളാണുള്ളത്. ഇവിടെ മാലിയിൽനിന്ന് എത്തിയ 27 പേരെ പ്രവേശിപ്പിച്ചു. വിൻസെൻഷ്യൻ സമൂഹത്തിന്‍റെതന്നെ പോട്ട ആശ്രമത്തിലെ നൂറു മുറികൾ സർക്കാരിനു വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ 48 പേരെ പ്രവേശിപ്പിച്ചു. പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തിലാണ് ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്.
ധ്യാനകേന്ദ്രത്തിലെ വൈദികര്‍ക്കു പുറമേ, ആരോഗ്യപ്രവര്‍ത്തകരും പോലീസും സഹായവുമായി ഒപ്പമുണ്ട്. സിഎംഐ സന്യാസ സമൂഹത്തിന്‍റെ പരിയാരത്തുള്ള സിഎസ്ആറിലെ അന്പതു മുറികളാണു വിട്ടുകൊടുത്തത്. ഇവിടെ 18 പേരെ പ്രവേശിപ്പിച്ചു.
തൃശൂർ അതിരൂപതയുടെ അളഗപ്പ പോളി ടെക്നിക്കിൽ 150 പേർക്കു താമസിക്കാനുള്ള സൗകര്യം സർക്കാരിനു വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ പത്തു പേരെ ഇതിനകം പ്രവേശിപ്പിച്ചു.
എറണാകുളംഅങ്കമാലി അതിരൂപതയുടെ കീഴിലുള്ള ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ (സ്നേഹശുശ്രൂഷാലയം) 60 പ്രവാസികള്‍ക്കു ക്വാറന്‍റൈനില്‍ കഴിയുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മാലിദ്വീപില്‍നിന്നുഎത്തിയ 52 പ്രവാസികള്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തി.
കോതമംഗലം രൂപതയുടെ കീഴിലുള്ള മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്‍റർ, വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജിലെ രണ്ടു ഹോസ്റ്റലുകൾ, മൂവാറ്റുപുഴ നിർമലാ കോളജ്-ഫാർമസി കോളജ് എന്നിവയോടനുബന്ധിച്ചുള്ള മൂന്നു ഹോസ്റ്റലുകൾ എന്നിവയാണ് ക്വാറന്‍റൈനു വിട്ടു നൽകിയിരിക്കുന്നത്. നെസ്റ്റ് പാസ്റ്ററൽ സെന്‍ററിൽ 85 പേർക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയ 79 പേരേ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്.
ഇടുക്കി രൂപതയുടെ കീഴിൽ 200 ബെഡുകളുള്ള നെടുങ്കണ്ടം കരുണാ ആശുപത്രിയുടെ ഓപ്പറേഷൻ തീയറ്റർ ഉൾപ്പെടെ സജ്ജീകരണങ്ങൾ ക്വാറന്‍റൈൻ കേന്ദ്രമായി വിട്ടുനൽകി.
പത്തനംതിട്ട ജില്ലയിൽ ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രം ക്വാറന്‍റൈൻ കേന്ദ്രമാണ്. 150 പേരെ താമസിപ്പിക്കാൻ കഴിയുന്ന തരത്തിൽ 60 ബാത്ത് അറ്റാച്ച്ഡ് മുറികൾ ഇവിടെയുണ്ട്.
തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ശാന്തിനിലയത്തിൽ ക്വാറന്‍റൈൻ കേന്ദ്രത്തിൽ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ ഏഴുപേരെ ക്വാറന്‍റൈനിലാക്കിയിട്ടുണ്ട്. പത്തനംതിട്ട രൂപതയുടെ തുന്പമൺ ജെസി പീസ് ഫൗണ്ടേഷൻ കെട്ടിടം ക്വാറന്‍റൈൻ കേന്ദ്രമായി വിട്ടുനൽകിയിട്ടുണ്ട്.
കോട്ടയം ജില്ലയിൽ പാലാ രൂപതയുടെ ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രം, കുമ്മണ്ണൂർ സെന്‍റ് പീറ്റേഴ്സ് ഹോസ്റ്റൽ, ചൂണ്ടശേരി സെന്‍റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ഹോസ്റ്റൽ, കുറവിലങ്ങാട് ദേവമാതാ കോളജ് ഹോസ്റ്റൽ എന്നിവയും കോട്ടയം അതിരൂപതയുടെ കോതനല്ലൂർ തൂവാനീസാ ധ്യാനകേന്ദ്രം, ബിസിഎം കോളജ് ഹോസ്റ്റൽ എന്നിവയും കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രവും ക്വാറന്‍റൈൻ കേന്ദ്രങ്ങളാണ്.
ഓർത്തഡോക്സ് സഭയുടെ പരുമല പള്ളിയിലെ ധ്യാനമന്ദിരം ക്വാറന്‍റൈൻ കേന്ദ്രമാണ്. നിലവിൽ 22 പേർ എത്തിയിട്ടുണ്ട്. മാർത്തോമ്മാ സഭയുടെ ചരൽക്കുന്ന് ക്യാന്പ് സെന്‍റർ, മാരാമൺ റിട്രീറ്റ് സെന്‍റർ, അടൂർ യൂത്ത് സെന്‍റർ, ആങ്ങമൂഴി മാർത്തോമ്മാ റിന്യൂവൽ സെന്‍റർ തുടങ്ങിയ സ്ഥാപനങ്ങളും ക്വാറന്‍റൈൻ കേന്ദ്രങ്ങളാണ്.
മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന നാലാഞ്ചിറ മാർ ഈവാനിയോസ് കോളജ് കാന്പസിലെ അഞ്ചു കേന്ദ്രങ്ങളാണ് ക്വാറന്‍റൈൻ കേന്ദ്രങ്ങളായി കൈമാറിയിരിക്കുന്നത്.
മാർ ബസേലിയോസ് കോളജിന്‍റെ മാർ അപ്രേം ബോയ്സ് ഹോസ്റ്റൽ, മാർ ഈവാനിയോസ് കോളജിന്‍റെ സെന്‍റ് തോമസ് ബോയ്സ് ഹോസ്റ്റൽ, മേരിമാത ഗേൾസ് ഹോസ്റ്റൽ, അൽഫോൻസാ ഗേൾസ് ഹോസ്റ്റൽ എന്നിവ. ഇതിനു പുറമേ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്‍ററും തുറന്നു നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള വെള്ളയന്പലം ആനിമേഷൻ സെന്‍ററിൽ ഇരുനൂറോളം പേർക്ക് സൗകര്യങ്ങളൊരുക്കി. ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും താമസിക്കാനായി പ്രത്യേകം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപതയുടെ കുറ്റിച്ചൽ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കാന്പസ് നേരത്തെ തന്നെ ജില്ലാ ഭരണകൂടത്തിനു വിട്ടു നൽകിയിരുന്നു.
താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്‍റർ പ്രവാസികളടക്കമുള്ളവരുടെ ക്വാറന്‍റൈൻ ആവശ്യങ്ങൾക്ക് വിട്ടുനൽകി.
✝️ #ടീം_ക്രോസ് #CROSS