ക്രിസ്തീയ വിശ്വാസത്തെയും, വിശ്വാസികളെയും അവഹേളിക്കുന്ന വെളിവില്ലാത്ത സിനിമാ പരസ്യത്തിനെതിരേ കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. പരിശുദ്ധ കുർബാനയുടെ സ്ഥാപനത്തേയും ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തേയും മഹത്വീകരിക്കുന്ന ലിയാനോ ഡാവിഞ്ചിയുടെ മഹത്തായ ചിത്രം എല്ലാ ക്രൈസ്തവ സഭകളും ആദരിച്ചു പോരുന്നതാണ്. ഇതിനെ അപഹാസ്യമാക്കി ചിത്രീകരിച്ചിരിക്കുന്ന ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്ന സിനിമയുടെ പോസ്റ്റർ പിൻ വലിച്ച് സംവിധായകൻ മാപ്പ് പറയണമെന്ന് കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി ആവശ്യപ്പെട്ടു. സഭയെ തകർക്കുംവിധമുള്ള മാധ്യമ പ്രചരണങ്ങളെയും സ്വകാര്യ വ്യക്തികളുടെ പ്രവർത്തനങ്ങളെയും അതിരൂപത സമിതി അപലപിച്ചു. ചലച്ചിത്രങ്ങളും മറ്റു മാധ്യമങ്ങളും ക്രൈസ്തവ സഭയെ അവഹേളിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നത് ഇന്ന് ഏറിവരികയാണ്. ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തുവിനെയും അനുയായികളെയും അക്ഷരാർത്ഥത്തിൽ അവഹേളിക്കുംവിധത്തിലാണ് ഈ സിനിമാചിത്രം പുറത്തുവന്നിരിക്കുന്നത്. ഈ വിവാദ ചിത്രം പിൻവലിച്ചുകൊണ്ടു വിശുദ്ധമായ ആ ചിത്രം തെറ്റായി വ്യാഖ്യാനിച്ചതിന് ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി മാപ്പ് പറയേണ്ടതാകുന്നു ഇതിനെതിരെയുള്ള പ്രതികരണങ്ങളും നടപടിക്രമങ്ങളും സ്വീകരിക്കണമെന്നും ഇത്തരത്തിൽ ക്രൈസ്തവിശ്വാസത്തെ വൃണപ്പെടുത്താൻ മുന്നിട്ടിറങ്ങുന്നവർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കെ.സി.വൈ. എം. തിരുവനന്തപുരം മേഖല പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.