ഫാ. ജോഷി മയ്യാറ്റിൽ
കൊറോണക്കാലം ചില ഓര്‍മകളുടെ കാലം കൂടിയാണ്. പ്രതിസന്ധികള്‍ പലതു കടന്നുപോന്ന ഈ മനുഷ്യരാശിയുടെ കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ഭാഗധേയത്തില്‍ കത്തോലിക്കാസഭയും സജീവമായി, സര്‍ഗാത്മകമായി പങ്കാളിയായിട്ടുണ്ട്. കൊറോണക്കാലത്തെ സഭയുടെ പെരുമാറ്റത്തിനുള്ള ചില പാഠങ്ങള്‍ അത്തരം ഓര്‍മകള്‍ക്കു പകര്‍ന്നുതരാനാകും.
റോമാസാമ്രാജ്യത്തില്‍ ക്രൈസ്തവര്‍ ജനങ്ങളുടെ പ്രീതിക്കു പാത്രമായത് പകര്‍ച്ചവ്യാധികള്‍ പകര്‍ന്നുപിടിച്ച കാലത്താണ്. രണ്ടാം നൂറ്റാണ്ടിലുണ്ടായ ‘അന്തോണിയന്‍ പ്ലേഗ്’ റോമന്‍സാമ്രാജ്യത്തിലെ നാലിലൊന്നു ജനത്തെ കൊന്നൊടുക്കിയപ്പോള്‍ റോമക്കാര്‍ വിശ്വസിച്ചത്, കുപിതരായ ദേവന്മാരുടെയും ദേവിമാരുടെയും വിളയാട്ടമാണ് അതെന്നായിരുന്നു. എന്നാല്‍ ക്രൈസ്തവരാകട്ടെ, അതിനെ സ്‌നേഹത്തിന്റെ പ്രായോഗികതയ്ക്കുള്ള കാലമായി പരിഗണിക്കുകയും രോഗീശുശ്രൂഷയില്‍ സ്വയംമറന്ന് മുഴുകുകയും ചെയ്തു.
‘സിപ്രിയാന്‍ പ്ലേഗ്’ എന്നറിയപ്പെടുന്ന, മൂന്നാം നൂറ്റാണ്ടിലെ അതീവഗുരുതരമായ പകര്‍ച്ചവ്യാധിയെപ്പറ്റി തന്റെ പ്രഭാഷണങ്ങളില്‍ ഏറെ പരാമര്‍ശിച്ച മെത്രാനായ സിപ്രിയാന്‍, പ്ലേഗിന്റെ ഇരകളെക്കുറിച്ചു വ്യാകുലപ്പെട്ടു നിഷ്‌ക്രിയരാകാതെ ഇനിയും ജീവന്‍ അവശേഷിക്കുന്നവര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകള്‍ ഇരട്ടിപ്പിക്കാന്‍ ക്രൈസ്തവരെ ആഹ്വാനംചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്തായ ഡയനീഷ്യസ് എന്ന മറ്റൊരു മെത്രാന്‍, ”അപകടം പരിഗണിക്കാതെ, രോഗികളുടെ ഓരോ ആവശ്യവും കണ്ടറിഞ്ഞ് അവരെ പരിചരിക്കുന്ന” ക്രൈസ്തവരെയോര്‍ത്ത് അഭിമാനംകൊള്ളുന്നുണ്ട്.
നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി ജൂലിയാന്‍ ”ഗലീലേയരുടെ” മതഭേദമന്യേയുള്ള രോഗീപരിചരണത്തെ പ്രശംസിച്ചു. സഭാചരിത്രകാരനായ പൊന്‍സ്യാനൂസ് ”വിശ്വാസത്തില്‍ ഒരു കുടുംബമായിത്തീര്‍ന്നവര്‍ക്കുവേണ്ടി മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കുംവേണ്ടി സദ്പ്രവൃത്തികള്‍ ചെയ്യാന്‍ സന്നദ്ധരാകുന്ന” ക്രൈസ്തവരെക്കുറിച്ച് കുറിച്ചുവച്ചിട്ടുണ്ട്. സാമൂഹ്യശാസ്ത്രജ്ഞനും സന്ന്യാസിയുമായ റോഡ്‌നീ സ്റ്റാര്‍ക്ക് ക്രൈസ്തവസമൂഹങ്ങളുള്ള പട്ടണങ്ങളിലെ മരണനിരക്ക് മറ്റു പട്ടണങ്ങളിലേതിനെക്കാള്‍ പകുതിയോളം കുറവായിരുന്നെന്നു വെളിപ്പെടുത്തുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പ്ലേഗു പടര്‍ന്നുപിടിച്ചപ്പോള്‍ ജീവന്‍ പണയം വച്ചും ക്രൈസ്തവസന്ന്യാസികള്‍ ചെയ്ത സേവനങ്ങള്‍ ഇന്നും അനുസ്മരിക്കപ്പെടുന്നുണ്ട്. സഭയില്‍ ഇന്നു നിലവിലുള്ള പല സന്ന്യാസ സമൂഹങ്ങളും ഉദ്ഭവിച്ചത് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ മനുഷ്യകുലത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
ഇതിന്റെയെല്ലാം അടിത്തറയായി ‘എന്റെ സഹോദരന്റെ കാവല്ക്കാരാണ് ഞാന്‍’ എന്ന ബൈബിള്‍ പ്രബോധനവും (ഉത്പ 4,9) നല്ല സമരിയാക്കാന്റെ ഉപമയും (ലൂക്കാ 10,25-37) സ്‌നേഹത്തിന്റെ കല്പനയും (യോഹ 13,34.35) നിലകൊള്ളുന്നു. അതിനെല്ലാമപ്പുറത്ത്, മാനവരാശിക്കുവേണ്ടി സ്വന്തം ജീവന്‍ വെടിഞ്ഞ യേശുക്രിസ്തുതന്നെയാണ് പരാര്‍ത്ഥമുള്ള ആത്മസമര്‍പ്പണത്തിന് ക്രൈസ്തവര്‍ക്കുള്ള ഏറ്റവും വലിയ പാഠം!