തിരുവനന്തപുരം : കെ ആർ എൽ സി ബി സി കുടുംബശുശ്രൂഷയുടെ കീഴിൽ 12 ലത്തീൻ രൂപതകളിലെയും കൗൺസിലിംഗ് സേവനം നൽ കുന്നവരെ ഉൾപ്പെടുത്തി കൗൺസിലേഴ്സ് ഫോറം രൂപീകരിച്ചു. 2020 ഫെബ്രിവരി 28, 29 തിയതികളിലായി വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്ന പ്രത്യേക ഗ്രൂപ്പുകൾക്ക് വേണ്ടിയുള്ള കൗൺസിലിങ് ഇടപെടലുകളെ കുറിച്ചുള്ള ദ്വിദിന സെമിനാറിന്റെ സമാപന സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് കൗൺസിലേഴ്സ് ഫോറം ഉദ്ഘാടനം ചെയ്തു.
ആരെയും മുറിപ്പെടുത്താതെ മറ്റുള്ളവർക്ക് സാന്ത്വനവും, സൗഖ്യവും മാത്രം നല്കിയ യേശുവിനെയാണ് കൗൺസിലിംഗ മേഖലയിലെ വ്യക്തികൾ മാതൃകയാക്കേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂസപാക്യം പിതാവ് പറഞ്ഞു. കെ ആർ എൽ സി ബി സി രൂപീകരിച്ച കൗൺസിലേഴ്സ് ഫോറം ലത്തീൻ സഭയ്ക്ക് ഒരു മുതല്ക്കൂട്ടാണെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ കെ ആർ എൽ സി സി സെക്രട്ടറി ഫാ. ഫ്രാൻസിസ്സ് സേവ്യർ അഭിപ്രായപ്പെട്ടു. മാറുന്ന കാലഘട്ടത്തിൽ വ്യക്തി ജീവിതത്തിലുണ്ടാകുന്ന സമ്മർദ്ദങ്ങളും അതുവഴിയുണ്ടാകുന്ന കുടുംബബന്ധങ്ങളിലെ വിള്ളലുകളും പരിഹരിക്കുന്നതിനായി കൗൺസിലിംഗ് സേവനം എളുപ്പത്തിൽ ലഭിക്കാനായി ഈ കൗൺസിലേഴ്സ് ഫോറം സഹായകരമാകുമെന്ന് സമ്മേളനത്തിൽ പെങ്കെടുത്ത കൗൺസിലേഴ്സ് പറഞ്ഞു. പുനലൂർ രൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. സാം ഷൈൻ സ്വഗതമരുളിയ സമ്മേളനത്തിൽ കെ ആർ എൽ സി ബി കുടുംബശുശ്രൂഷ സെക്രട്ടറിയും തിരുവനന്തപുരം അതിരൂപത കുടുംബ ശുശ്രൂഷ ഡയറക്ടറുമായ ഫാ. ഡോ. എ ആർ ജോൺ കൃതജ്ഞതയർപ്പിച്ചു. കൗൺസിലേഴ്സ് പ്രതിനിധിയായി കൊച്ചി രൂപതാംഗം ശ്രിമതി. റുമ ആശംസകളർപ്പിച്ചു.