— ജോയി കരിവേലി, വത്തിക്കാൻ ന്യൂസ്
കാലാവസ്ഥ മാറ്റതിനെതിരെ പോരാടുന്നതിന് പൊതുവായ ഒരു പദ്ധതി ആവശ്യമാണെന്ന് ആർച്ചുബിഷപ്പ് ഇവാൻ യുർക്കോവിച്ച് (ARCHBISHOP IVAN JURKOVIC)
ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഉള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഇവാൻ യുർക്കോവിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ ജൂലൈ 17 വരെ നീളുന്ന നാല്പത്തിനാലമാത് യോഗത്തെ വ്യാഴാഴ്ച (09/07/20) സംബോധന ചെയ്യവെയാണ് ഈ ആവശ്യകത ചൂണ്ടിക്കാട്ടിയത്.
കാലാവസ്ഥ വ്യതിയാനം ഒരു ആഗോളപ്രശ്നമാണെന്ന വസ്തുത അനുസ്മരിച്ച അദ്ദേഹം ഏറ്റം പാവപ്പെട്ടവരുടെ സഹനത്തിൻറെയും നമ്മുടെ പൊതുഭവന ചൂഷണം ചെയ്യപ്പെടുന്നതിൻറെയും മുന്നിൽ മാനവകുടുംബത്തിന് നിസ്സംഗതപാലിക്കാനാകില്ലെന്നും കാലാവസ്ഥവ്യതിയാനം എന്നത് മാനവരാശിയുടെ മുഴുവൻ ആശങ്കയാണെന്നും പറഞ്ഞു.
കാലാവസ്ഥ സകലരുടെയും, സകലർക്കും വേണ്ടിയുള്ളതുമായ ഒരു നന്മയാണെന്നും മനുഷ്യജീവനാവശ്യമായ സത്താപരങ്ങളായ നിരവധിയായ അവസ്ഥകളുമായുള്ള ബന്ധത്തിൽ, ആഗോളതലത്തിൽ, ഇതൊരു സങ്കീർണ്ണ സംവിധാനമാണെന്നും ആർച്ചുബിഷപ്പ് ഇവാൻ യുർക്കോവിച്ച് ഫ്രാൻസിസ് പാപ്പാ പരിസ്ഥിതി പരിപാലനത്തെ അധികരിച്ചു പുറപ്പെടുവിച്ച “അങ്ങേയ്ക്കു സ്തുതി” അഥവാ, “ലൗദാത്തൊ സീ” (LAUDATO SI) എന്ന ചാക്രിക ലേഖനത്തിൽ നിന്നുദ്ധരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.
രാഷ്ട്രമൊ ഏതെങ്കിലും സ്വകാര്യ സംരഭമൊ, അന്താരാഷ്ട്ര സംഘടനയൊ കാലാവസ്ഥ മാറ്റത്തിനെതിരെ ഒറ്റയ്ക്ക് പൊരുതിയാൽ വിജയം വരിക്കാനകില്ലെന്നും സകലരുടെയും സഹകരണവും സംഘാതയത്നവും ഇതിന് മൗലികമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച്, ഇന്ന്, കോവിദ് 19 മഹാമാരി സംജാതമാക്കിയിരിക്കുന്ന അവസ്ഥയിൽ പരസ്പരം പരിചരിക്കാനും സ്വാർത്ഥതയാൽ ഒറ്റപ്പെട്ടു നില്ക്കാതിരിക്കാനും, മനുഷ്യജീവന് സംരക്ഷണമേകാനും സകലർക്കും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും ഐക്യദാർഢ്യം ഊട്ടി വളർത്താനും, വലിച്ചെറിയൽ സംസ്കൃതിക്കെതിരെ പോരാടാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് യുർക്കോവിച്ച് ഓർമ്മിപ്പിച്ചു.
നവമായൊരു സാർവ്വലൗകിക ഐക്യദാർഢ്യം അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
നീതിയെ സംബന്ധിച്ചിടത്തോളം ഐക്യദാർഢ്യം ഐച്ഛികമല്ല മറിച്ച് അടിസ്ഥാനമാണെന്ന് ആർച്ചുബിഷപ്പ് യുർക്കോവിച്ച് ഉദ്ബോധിപ്പിച്ചു.