നവമാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ സുവിശേഷവത്കരണപ്രക്രിയ തുടരുന്ന കാലഘട്ടത്തിൽ കത്തോലിക്കാ സഭയ്ക്ക് ഒരു ഓണസമ്മാണമായി കാരിസ് ഓൺലൈൻ റേഡിയോ പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ ഉദ്‌ഘാടന സന്ദേശത്തോടെയായിരുന്നു കാരിസിന്റെ പ്രാരംഭം.ദൈവസ്നേഹത്തിൽ നിറഞ്ഞുതുളുമ്പുവാനും നന്മയിലേക്ക് പ്രകാശത്തിലേക്കും കൈപിടിച്ചുയർത്തുവാനും വ്യത്യസ്ത പരിപാടികളിലൂടെ ക്രിസ്തുവിനെ കേൾക്കുവാൻ ക്ഷണിക്കുന്ന കാരിസ് റേഡിയോയിലൂടെ ഇന്നത്തെ നൂതനസമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തി യുവതലമുറക്ക് സദ്‌വാർത്തകൾ പകർന്നുകൊടുക്കുവാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.വെല്ലുവിളികൾ നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ ലോകാതിർത്തികൾ വരെ ക്രിസ്തുസ്നേഹത്തിന്റെ സുവിശേഷമെത്തിക്കുവാൻ ഇവർ ചുവടുകൾ വയ്ക്കുമ്പോൾ നമ്മുടെ പ്രാർത്ഥനയുടെയും സഹകരണത്തിലൂടെയും ഈ സംരംഭത്തോടൊപ്പം ചേരാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഇന്നത്തെ യുവജന സമൂഹത്തെ ലക്‌ഷ്യം വച്ചുകൊണ്ടുള്ള കാരിസിന്റെ പ്രവർത്തനങ്ങൾ അനുദിനം ദൈവസ്നേഹത്തെ പ്രോജ്വലിപ്പിക്കുവാൻ ഇടവരുത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.നവമാധ്യമങ്ങൾ പ്രായഭേദമന്യേ സകല മനുഷ്യരേയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത നവ മാധ്യമ സുവിശേഷവത്കരണം യുവജനങ്ങളിലൂടെ പ്രാവർത്തികമാക്കുകയാണ് കാരിസ് റേഡിയോയുടെ ലക്ഷ്യമെന്ന് റേഡിയോയുടെ അണിയറപ്രവർത്തകർ പറയുന്നു.കാരിസ് ഓൺലൈൻ റേഡിയോ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.പ്രേം ബൊനവഞ്ചർ