കാനൻ നിയമം ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. ഇന്ത്യയിലുള്ള വസ്തുവകകളുടെ മേൽ വത്തിക്കാന് അധികാരം നൽകുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യയുടെ പരമാധികാരത്തിൽ എതിരാണ് എന്നുമായിരുന്നു വാദം. പള്ളി വക വസ്തുക്കൾ പബ്ലിക് ട്രസ്റ്റ് ആണെന്നും അതിൻറെ ക്രയവിക്രയത്തിന് സിവിൽ നിയമ നടപടി വകുപ്പ് 92 പ്രകാരം കോടതിയുടെ അനുവാദം വാങ്ങണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹർജി തള്ളിയ കോടതി ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 26 എല്ലാ മതവിഭാഗങ്ങൾക്കും ഇന്ത്യയുടെ നിയമങ്ങൾക്കനുസൃതമായി ഭൂമി ആർജിക്കാനുള്ള മൗലിക അവകാശം ഉണ്ട് എന്നും സൂചിപ്പിച്ചു. ഹർജിക്കാരൻ കാനൻ നിയമം ബാധകമായ വ്യക്തിയല്ല എന്നും പേര് ലഭിക്കുന്നതിനുവേണ്ടി നൽകിയ ഹർജി നിലനിൽക്കില്ലെന്നും സൂചിപ്പിച്ച കോടതി ഭാവിയിൽ ഹർജിക്കാരൻ ഇത്തരം അനാവശ്യ ഹർജികൾ നൽകാതിരിക്കുന്നതിനായി 25000 രൂപ പിഴ രണ്ടാഴ്ചയ്ക്കുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് കെട്ടിവയ്ക്കാനും ഉത്തരവിട്ടു, അല്ലാത്തപക്ഷം ഹർജിക്കാരനെതിരെ റവന്യൂ റിക്കവറി നടപടികൾ ഉണ്ടാവും.