.. ബ്ര. ഫ്രാങ്ക്‌ളിൻ..
കിഴക്കിന്റെ ദേശത്തു മലജാതിയിൽ പിറന്ന സൂര്യനേയും കാത്തു പടിഞ്ഞാറേ ദിക്കിൽ സമുദ്രം കാത്തിരിക്കുന്നു……. ആകാശങ്ങളിൽ കണ്ണും നട്ടു ഭൂമി കാത്തിരിക്കുന്നു…. തീരം തിരമാലകളെയും, മലകൾ മന്ദമാരുതനേയും കാത്തിരിക്കുന്നു….. ഇന്നലെ പെയ്ത മഴയിൽ കിളിർക്കാനെന്നോണം വെമ്പൽകൊള്ളുന്ന വിത്തുകളും ഒരു കാത്തിരിപ്പാണ്….
ആദ്യമായി കൈമാറിയ പ്രണയലേഖനത്തിന്റെ മറുപടിയ്ക്കായി അവനോ അവളോ ആകാംക്ഷയോടെ കാത്തിരിക്കുന്നു…. കരുവിൽ ഉരുവായതിനെ അവരും കാത്തിരിക്കുന്നു……..
കാത്തിരിപ്പിന് ഒരു സുഖമുണ്ട്….. അത് സഫലമാകുമ്പോൾ……..
എന്നാൽ ആഗ്രഹിക്കുന്നത് കിട്ടാതെ വരുമ്പോൾ…. അത് സഫലമാകാതെ വരുമ്പോൾ… കാത്തിരിപ്പ് ഒരു നോവാണ്… ചങ്കു പൊള്ളുന്ന നോവ്.
അവരുടെ കഥ കൂടിയാണ് ഈ കാത്തിരിപ്പ്…
ജോലിയ്ക്കായി പട്ടണത്തിലേക്ക് പോകുന്ന അപ്പനോട് തിരികെ വരുമ്പോൾ ഒരു കൂട്ടം കളർ പെൻസിലുകൾ വാങ്ങികൊണ്ട് വരാൻ ഒരു മകൻ ആവശ്യപ്പെടുകയാണ്. ഉറപ്പുനൽകി അപ്പൻ പട്ടണത്തിലേക്കു യാത്രയായി. സന്ധ്യയായപ്പോൾ ഉമ്മറപ്പടിയിൽ കണ്ണും നട്ടു അവൻ കാത്തിരുന്നു…. അപ്പന് വേണ്ടി… അപ്പൻ കൊണ്ടുവരുന്ന സമ്മാനപ്പൊതിക്കുവേണ്ടി. ദൂരെ നിന്നും അപ്പൻ വരുന്നത് കണ്ടു, അവൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു മുത്തം നൽകി…. പിന്നെ സഞ്ചി തപ്പിനോക്കി, അകത്ത് അവന്റെ സമ്മാനപ്പൊതി ഇല്ല… സങ്കടപ്പെട്ടു നിന്ന മകനെ നോക്കി ഇന്ന് മറന്നുപോയതാണെന്നും നാളെ തീർച്ചയായും വാങ്ങി വരാം എന്നും അപ്പൻ ഉറപ്പു നൽകി… എന്നാൽ രണ്ടാം ദിവസവും മൂന്നാം ദിവസവും പതിവ് തന്നെ ആവർത്തിച്ചപ്പോൾ ആ മകൻ പൊട്ടിക്കരഞ്ഞു…. നാളെ വാങ്ങി വരാമെന്ന് അപ്പൻ ഉറപ്പു നൽകിയിട്ടും അവന്റെ കണ്ണുകളിൽനിന്നും ആ ഉപ്പുകലർന്ന ജലം ഒഴുകിക്കൊണ്ടിരുന്നു…. പിന്നെ തേങ്ങലോടെ മകൻ അപ്പനെ നോക്കി പറഞ്ഞു,… സമ്മാനം കിട്ടാത്തതിലല്ല മറിച്ച്, ഈ കഴിഞ്ഞ മൂന്നു ദിവസവും ഒരു നേരം പോലും അപ്പൻ എന്നെ ഓർത്തില്ലല്ലോ എന്നതാണ് എന്റെ സങ്കടം…
കാത്തിരിപ്പിന് നോവ് കൂടുതലാണ്…. ഒന്ന് ചിന്തിച്ചാൽ നിന്നെയും എന്നെയും ഓരോ നിമിഷവും കാത്തിരിക്കുന്ന ഒരു ദൈവം ഉണ്ട്…. ആളൊഴിഞ്ഞ ആലയങ്ങളിൽ നുറുങ്ങ് വെട്ടത്തിനരികിൽ ഇരുകരങ്ങളും നീട്ടി കാത്തിരിക്കുന്ന… ദൈവം….
നമ്മുടെ വിശ്വാസം ഞായറാഴ്ച കടങ്ങളായി മാത്രം ചുരുങ്ങുമ്പോൾ തകർന്നു പോകുന്നത് ആ അപ്പന്റെ കാത്തിരിപ്പാണ്. ജീവിത നിരാശയിൽ എല്ലാം തകർന്നു എന്ന് കരുതുമ്പോൾ… പ്രത്യാശയുടെ ഉത്ഥിതനായ യേശുക്രിസ്തു നിനക്കായി കാത്തിരിക്കുന്നു എന്ന് നീ ഓർക്കണം. ലക്ഷ്യം നേടാനുള്ള വഴികളെക്കുറിച്ച് ആശയക്കുഴപ്പത്തിലാഴുമ്പോൾ നിന്നെ നയിക്കുന്ന പരിശുദ്ധാത്മാവ് സഹായിക്കാനായി കാത്തിരിക്കുന്നുണ്ട്. ആ ആത്മാവിന്റെ സ്വരം കേൾക്കാൻ മറക്കരുതേ. കരുതലോടെ കരം നീട്ടി കാത്തിരിക്കുന്ന കാരുണ്യവാനായ ദൈവത്തിന്റെ കൃപയ്ക്കായി നമുക്ക് കാത്തിരിക്കാം.
.. ഫ്രാങ്ക്‌ളിൻ..