ഫ്രാൻസീസ് പാപ്പാ ഈ ശനിയാഴ്ച 13 പേരെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തിയതോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ പാപ്പായെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ സംബന്ധിച്ച് സമ്മതിദാനം നല്കാൻ അവകാശമുള്ളവരാണ്. എന്നാൽ ശേഷിച്ച 101 പേർ പ്രായപരിധി കഴിഞ്ഞവരായതിനാല്‍ വോട്ടവകാശമില്ലാത്തവരാണ്.
ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നടന്ന സാധാരണ പൊതുകൺസിസ്റ്ററിയിൽ വച്ചാണ് പാപ്പാ കർദ്ദിനാളന്മാരെ വാഴിച്ചത്. ചുവന്ന തൊപ്പി, മോതിരം എന്നിവ അണിയിക്കല്‍, ഓരോ കര്‍ദ്ദിനാളിനുമുള്ള സ്ഥാനികദേവാലയം നല്കൽ എന്നിവയാണ് ചടങ്ങിൻറെ ഭാഗമായി വത്തിക്കാനിലെ ബസിലിക്കയില്‍ വച്ച് നടന്നത്.
കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിന്നു ചടങ്ങുകൾ.
വിവിധരാജ്യക്കാരായ 13 പേരിൽ ഏഷ്യക്കാരായ രണ്ടു പേർക്ക്, ബ്രൂണേയിയുടെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് കൊര്‍ണേലിയൂസ് സിമ്മിനും ഫിലിപ്പീന്‍സിലെ ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഫുയര്‍സേ അദ്വേങ്കുളയ്ക്കും ചടങ്ങുകളില്‍ നേരിട്ടു പങ്കെടുക്കാൻ സാധിക്കാത്തതിനാല്‍ ഇൻറർ നെറ്റിൻറെ സഹായത്തോടെയാണ് പങ്കെടുത്തത്.