TMC Reporter
ഫിലിപ്പൈൻസിൽ കത്തോലിക്കാ വിശ്വാസ സമൂഹം രൂപീകൃത്യമായതിന്റെ അഞ്ഞൂറാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രത്യേക ദിവ്യബലി അർപ്പിക്കും. മാർച്ച് 14നാണ് പാപ്പയുടെ ബലിയർപ്പണം.
റോമിലെ ഫിലിപ്പൈൻസിൽ നിന്നുള്ള കത്തോലിക്കരുടെ രക്ഷാധികാരിയും മനില മുൻ ആർച്ബിഷപ്പും ജനതകളുടെ സുവിശേഷവത്കരണത്തിന്റെ പ്രീഫെക്റ്റുമായ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ ബലിയർപ്പണത്തിൽ സഹകാര്മികനാകും.
കോവിഡ് നിയന്ത്രങ്ങൾ മൂലം വളരെ ചുരുക്കം പേർക്ക് മാത്രമേ ബലിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കൂ എങ്കിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
റോമിൽ നടക്കുന്ന ഈ കൃതജ്ഞതാ ദിവ്യബലിയില്‍ പങ്കുകൊള്ളാൻ വിശ്വാസികളെ സ്നേഹപൂർവം ക്ഷണിക്കുന്നതായി ഫിലിപ്പിന ചാപ്ലൈൻസിയിലെ വൈദികനായ ഫാ. റിക്കി ഗെന്റെ അറിയിച്ചു.
1521ൽ ഫിലിപ്പൈൻസിൽ നടന്ന ആദ്യത്തെ ബലിയർപ്പണത്തിന്റെയും ജ്ഞാന സ്നാനത്തിന്റെയും ഫലമായി അവിടെ രൂപപ്പെട്ടു വന്ന കത്തോലിക്കാ വിശ്വാസ സ്‌ഥാപനത്തിന്റെ വാർഷികമാണ് പാപ്പയുടെ ബലിയർപ്പണത്തിലൂടെ ആഘോഷിക്കുന്നത്.
ഏതാണ്ട് 300 വർഷത്തോളം, പ്രാദേശികമായ ഒരു സഭാ സംവിധാനം അവിടെ ഇല്ലായിരുന്നു. 1905-ലാണ് തദ്ദേശീയനായ ജോർജ് ഇൻപീരിയൽ ബാർലിൻ മെത്രാൻ ആയി നിയമിക്കപ്പെട്ടത്. 1909ൽ തന്റെ അദ് ലിമിന സന്ദർശനത്തിനിടെ റോമിൽ വച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു.
ഇന്ന് ഫിലിപ്പൈൻസിലെ 108 മില്യൺ വരുന്ന ജനസംഖ്യയിൽ 86% കത്തോലിക്കരാണ്.
ഫിലിപ്പൈൻസിലെ രൂപതകളിൽ ഈസ്റ്റർ ദിനമായ ഏപ്രിൽ നാലിനാണ് വാർഷിക ആഘോഷങ്ങൾ ആരംഭിക്കുക. ഏതാണ്ട് 9 വർഷത്തെ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് ആഘോഷങ്ങളുടെ പ്രാരംഭം. പല രൂപതകളും തങ്ങളുടെ പരിധിയിലുള്ള ചില ദേവാലയങ്ങളെ തീർഥാടന ദേവാലയങ്ങളായി ഉയർത്തുകയും ചെയ്തു.
മനിലയിൽ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ആയ ബിഷപ് ബ്രോഡറിക് പാബിലോ ഫെബ്രുവരി ആറിന് വാർഷിക വർഷാചരണത്തിനു തുടക്കം കുറിച്ചു. കർദിനാൾ ടാഗ്ലെ റോമിലെ സേവനത്തിനായി 2019 ഡിസംബറിൽ പദവി ഒഴിഞ്ഞതോടെയാണ് അദ്ദേഹം അതിരൂപതയുടെ ചുമതല ഏറ്റെടുത്തത്. ഏകദേശം 3 മില്യൺ കത്തോലിക്കർ അതിരൂപതയ്ക്ക് കീഴിലുണ്ട്.
കഴിഞ്ഞ ദിവസം ഫിലിപ്പൈൻസിലെ അപ്പോസ്തലിക് നൂൺഷ്യോ പുതിയ ഇടയന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.