കടലും കടൽ തീരവും പരമ്പരാഗതമായി തന്നെ തീരദേശത്ത് അധിവസിക്കുന്നവർക്ക് അവകാശപ്പെട്ടതാണെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ. ഈ മേഖലയുടെ സമഗ്ര വികസനത്തിനും സംരക്ഷണത്തിനും ഗൗരവമേറിയ പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാവണം. ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർത്താൻ നമുക്ക് കഴിയണം ബിഷപ്പ് സൂചിപ്പിച്ചു. കോസ്റ്റൽ ഏരിയ ഡവലപ്പ് മെൻ്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്സിക്യൂട്ടീവ് ചെയർമാൻ മോൺ യൂജിൻ പെരേര അദ്ധ്യക്ഷത വഹിച്ചു.
കടലിൻ്റെ ചെയർമാനായി ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ പിതാവിനെ കെ ആർ എൽ സി ബിസി നിർദ്ദേശിച്ചു. യോഗം ഐക്യകണ്ഠേന ഈ നിർദ്ദേശം അംഗീകരിക്കുകയും ഹർഷാരവങ്ങളോടെ സ്വാഗതം ചെയ്യുകയും ചെയ്തു. ആരംഭം മുതൽ ഉജ്വലമായി സംഘടനയെ നയിച്ച അഭിവന്ദ്യ സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന് യോഗം നന്ദി രേഖപ്പെടുത്തി.
തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട് അനധികൃത നിർമ്മാണങ്ങളുടെ പട്ടിക. സമർപ്പിക്കണമെന്ന സുപ്രിം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിലെ രേഖകകൾക്കനുസരിച്ച് തയ്യാറാക്കിയ പട്ടിക അപാകതകൾ നിറഞ്ഞതാണെന്നും യോഗം വിലയിരുത്തി. കേരളത്തിൻ്റെ തീരത്ത് പരമ്പരാഗതമായി താമസിക്കുന്ന കുടുംബങ്ങളെ ഏകപക്ഷീയമായും നിർബന്ധമായും കുടിയൊഴിപ്പിക്കാരുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ സമ്മേളനം തീരുമാനിച്ചു. സ്വമേധയ മാറിത്താമസിക്കുന്നവർക്ക് ഉചിതമായ ന്യായപൂർവ്വമായ നഷ്ട പരിഹാരം നല്കണം. സ്ഥലം, ഭവനം എന്നിവയുടെ വിസ്തൃതി പ്രധാന മാനദണ്ഡമാകണം. ഓരോ കുടുംബത്തിനുള്ള നഷ്ടങ്ങൾ പരിഗണിക്കാതെ ഒരേ അളവിലെ നഷ്ടപരിഹാരം നീതിയല്ല. സുപ്രിം കോടതിയുടെ നിർദ്ദേശത്തിൻ്റെ വെളിച്ചത്തിൽ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ അനധികൃത നിർമ്മാണങ്ങളുടെ പട്ടികയിൽ നിന്നും പരമ്പരാഗത തീരദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം, കടൽ ആവശ്യപ്പെട്ടു.
കെ ആർ എൽ സി സി വൈസ് പ്രസിഡണ്ട് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് താന്നിക്കാപ്പറമ്പിൽ, ഡയറക്ടർ ഡോ അൻ്റെണിറ്റോ പോൾ, ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, വൈസ് പ്രസിഡണ്ട് പ്ലാസിഡ് ഗ്രിഗറി, സെക്രട്ടറി ജോയി സി കമ്പക്കാരൻ, കെ എൽ സി എ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, ഫിഷറീസ് കോർഡിനേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, ഫാ ജോൺസൺ പുത്തൻവീട്ടിൽ, കുഞ്ഞച്ചൻ, തങ്കച്ചൻ ഈരശ്ശേരി, പീറ്റർ തയ്യിൽ, അഡ്വ പി ജെ മാത്യു, ബേസിൽ മുക്കത്ത്, ഫാ ഷാജിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
കടപ്പാട്- റോമൻ റൈറ്റ് fb page