നെടുങ്കുന്നം: വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ തിരുവോണസന്ദേശത്തിന്റെ പേരില്‍ നെടുങ്കുന്നം സെന്റ് തെരേസാസ് സ്‌കൂള്‍പ്രധാന അധ്യാപികയെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മാപ്പു പറയിക്കുകയും, പ്രസ്തുത ദ്യശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സാഹചര്യം ഒരുക്കകയും ചെയ്ത പോലീസ് നടപടിയില്‍ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി പ്രതിഷേധിച്ചു. പ്രസ്തുതസംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാകണമെന്നും ടീച്ചേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
ലോകചരിത്രത്തില്‍ നന്മ ചെയ്തവരെല്ലാം ചവിട്ടേറ്റിട്ടുണ്ടെന്നും പീഡനം ഏറ്റു വാങ്ങിയിട്ടുണ്ടെന്നും മഹാബലിയെപോലെ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ജീവിച്ചത് എന്നും പറഞ്ഞ പ്രധാന അധ്യാപിക ഇതിന് ഉദാഹരണമായി മഹാബലിയെപോലെ ക്രിസ്തു, മഹാത്മഗാന്ധി, മാര്‍ട്ടിന്‍ ലൂദര്‍കിംഗ്, നെല്‍സണ്‍ മണ്ടേല, മാക്‌സ് മില്യന്‍ കോള്‍ബ, മദര്‍ തേരേസ, ഇറോം ശര്‍മിള എന്നിവരുടെ പേരുകളും പരാമര്‍ശിച്ചു. ചതിയുടെ വഞ്ചനയുടെയും വര്‍ഗീയതയുടെയും പാതാളഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്‍മാര്‍ ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചാലും നമുക്ക് നന്‍മയുടെയും സമത്വത്തിന്റെയും ശാന്തിയുടെയും ലോകത്ത് തന്നെ തുടരാം എന്ന് ഓണാശംസയില്‍ പ്രധാനധ്യാപിക പറയുന്നു. തിരുവോണത്തെക്കുറിച്ച് മഹാബലിയെയും വാമനനെയും കുറിച്ചുള്ള ഐതിഹ്യം പ്രാഥമിക ക്ലാസുകളിലെ പാഠപുസ്തകങ്ങളിലൂടെ വിദ്യാഭ്യാസവകുപ്പ് തന്നെ പഠിപ്പിക്കുമ്പോള്‍ പ്രധാനധ്യാപികയുടെ ഓണസന്ദേശത്തിന്റെ അനൗചിത്യം എന്താണെന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ചാള്‍സ് ലിയോണ്‍, ഫാ. ജോസ് കരിവേലിക്കല്‍, ജോഷി വടക്കന്‍, ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു