✍️ പ്രേം ബൊനവഞ്ചർ
തിരുക്കുടുംബ പാലകനായ വി. യൗസേപ്പിതാവിന്റെ ആഗോള സഭയുടെ പാലകനായി പ്രഖ്യാപിച്ചത്തിന്റെ ഒന്നര ശതാബ്ദം തികയ്ക്കുന്നതിന്റെ സ്മരണയിൽ 2020 ഡിസംബർ 8 മുതൽ ഒരു വർഷക്കാലം യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുവാൻ വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരിക്കയാണല്ലോ. ഈയവസരത്തിൽ ലോകത്തിന്റെ പല ഭാഗത്തും വർഷാചരണം വ്യത്യസ്ത രീതികളിൽ ആരംഭിച്ചിരിക്കുകയാണ്.
മധ്യസ്‌ഥനും സഹായിയും പ്രതിസന്ധികളിൽ വഴികാട്ടിയുമായ വി. യൗസേപ്പിൽ അഭയം ഗമിക്കാനുള്ള പാപ്പയുടെ ആഹ്വാനം സ്വീകരിച്ചു “ഒരു വര്ഷം വി. യൗസേപ്പിനോപ്പം” ആചരിക്കുവാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം അതിരൂപതയിലെ ശ്രീകാര്യം വി. ക്രിസ്റ്റഫർ ദേവാലയത്തിലെ വിശ്വാസിസമൂഹം.
ഫെബ്രുവരി മുതൽ ഡിസംബർ വരെ ഓരോ മാസവും വി. യൗസേപ്പിതാവിന്റെ വിവിധ വിശേഷണങ്ങൾ അനുസ്മരിച്ചു അദ്ദേഹത്തോടുള്ള ഭക്തിയും സംരക്ഷണ നിയോഗവും സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ഇടവകസമൂഹം ഒരുങ്ങുന്നു.
വി. യൗസേപ്പിതാവിന്റെ വർഷത്തിന്റെ ഇടവകതല ഉദ്ഘാടനം 2021 ഫെബ്രുവരി 6 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പണത്തോടെ ആരംഭിക്കും.
തിരുസഭയുടെ പാലകനെ ഫെബ്രുവരിയിലും നീതിമാനായ വിശുദ്ധനെ മധ്യസ്‌ഥ തിരുനാളാഘോഷിക്കുന്ന മാർച്ചിലും, ദാരിദ്ര്യത്തിന്റെ സ്നേഹിതനെ ഏപ്രിലിലും, അധ്വാനത്തിന്റെ മാതൃകയായ വിശുദ്ധനെ മേയ് മാസത്തിലും അനുസരണയുള്ളവനും കുടുംബത്തലവനുമായ യൗസേപ്പിനെ ജൂൺ മാസത്തിലും, സ്വപ്നങ്ങളിലൂടെയുള്ള ദൈവിക വെളിപാടുകൾ വിശ്വസ്തതയോടെ പാലിച്ച വി. യൗസേപ്പിനെ ജൂലായിലും ഇടവക സമൂഹം അനുസ്മരിക്കും.
ക്ഷമയുടെ ദർപ്പണത്തെ ഓഗസ്റ്റിലും, ഏറ്റവും വിവേകമതിയായ വിശുദ്ധനെ സെപ്റ്റംബറിലും, പിശാചുക്കളുടെ പേടിസ്വപ്നമായ വിശുദ്ധനെ ഒക്ടോബറിലും, മരണാസന്നരുടെയും ദുരിത ബാധിതരുടെയും മധ്യസ്‌ഥനെ നവംബറിലും, ചാരിത്ര്യത്തിന്റെ, കന്യകകളുടെ, കുടുംബങ്ങളുടെ ദൃഢസ്തംഭമായ വിശുദ്ധനെ ഡിസംബറിലുമാണ് ഇടവകതലത്തിൽ അനുസ്മരിക്കുക.