പ്രേം ബൊനവഞ്ചർ
കത്തോലിക്കാ സഭ ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായി ആചരിക്കുന്ന ഒക്ടോബർ 7 ബുധനാഴ്ച സംസ്‌ഥാന വ്യാപകമായി ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതിക്ക് കീഴിലുള്ള ദലിത് കത്തോലിക്കാ മഹാജനസഭയുടെ ആഹ്വാനം.
ലോകം മുഴുവൻ പടർന്നുപിടിക്കുന്ന കോവിഡ് മഹാമാരിയുടെ ശമനത്തിനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദളിത് സഹോദരങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുവാനും വേണ്ടിയാണ് ഇത്തരമൊരു ദിനാചരണം. കോവിഡ് നിയന്ത്രണങ്ങൾ മാനിച്ചു മഹാസഭ അംഗങ്ങൾ സ്വഭവനങ്ങളിൽ ആയിരുന്നുകൊണ്ട് ഉപവാസ പ്രാർഥനാ ദിനം ആചരിക്കണമെന്ന് കെസിബിസി എസ്.സി/എസ്.റ്റി/ബി.സി കമ്മീഷൻ അഭ്യർത്ഥിച്ചു.
കോട്ടയം ആമോസ് സെന്ററിൽ ചേർന്ന അടിയന്തിര യോഗത്തിൽ കമ്മീഷൻ ചെയർമാൻ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വൈസ് ചെയർമാൻമാരായ പുനലൂർ രൂപത മെത്രാൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, മൂവാറ്റുപുഴ രൂപത മെത്രാൻ ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്, കമ്മീഷൻ സെക്രട്ടറി റവ. ഫാ. ഡി. ഷാജ്കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീ. ജെയിംസ് ഇലവുങ്കൽ, ശ്രീ. എൻ. ദേവദാസ്, ശ്രീ. തോമസ് രാജൻ, ശ്രീമതി. സെലിൻ ജോസഫ്, ശ്രീ. ഷാജി ചാഞ്ചിക്കൽ, ശ്രീ. ജസ്റ്റിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ എസ്.സി./എസ്.റ്റി./ബി.സി. കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ദളിത് ക്രൈസ്തവർക്കായുള്ള അൽമായ സംഘടനയാണ് ഡിസിഎംഎസ് എന്ന ദളിത് കത്തോലിക്കാ മഹാജനസഭ.