ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ ക്രൈസ്തവ യുവ സന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം. നടന്നത് മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം.
ഹിന്ദുത്വ തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപെട്ട് അവർ സംസ്ഥാനം വിട്ടത് വസ്ത്രം മാറി. ഉത്തരേന്ത്യയിൽ ക്രൈസ്തവ സന്യാസിനിമാർ സന്യാസവേഷത്തിൽ സഞ്ചരിക്കുന്നത് ആക്രമണങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക പടരുന്നു.
മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ് ഭയാനകമായ ദുരനുഭവമുണ്ടായത്. ഒഡീഷയിൽനിന്നുള്ള പത്തൊമ്പത് വയസുള്ള രണ്ട് സന്യാസാർത്ഥിനിമാരെ അവധിക്ക് നാട്ടിൽ കൊണ്ടുചെന്നാക്കാൻ കൂടെപോയവരായിരുന്നു ഒരു മലയാളി ഉൾപ്പെടെയുള്ള മറ്റുരണ്ട്‍ യുവസന്യാസിനിമാർ. പോസ്റ്റുലന്റ്സ് ആയിരുന്നതിനാൽ സന്യാസാർത്ഥിനികൾ രണ്ടുപേരും സാധാരണ വസ്ത്രവും, മറ്റുരണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേർഡ് എസിയിലെ സുരക്ഷിത സാഹചര്യത്തിലായിരുന്നു ആ സന്യാസിനിമാർ യാത്ര ചെയ്തിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡൽഹിയിൽനിന്നും തിരിച്ച അവർ വൈകിട്ട് ആറരയോടെ ഝാൻസി എത്താറായപ്പോൾ തീർത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ചില ബജ്‌റംഗ്ദൾ പ്രവർത്തകർ അകാരണമായി അവർക്ക് നേരെ കുറ്റാരോപണങ്ങൾ നടത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു.
സന്യാസാർത്ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട് പ്രശ്നമുണ്ടാക്കാൻ അവർ ശ്രമം തുടങ്ങിയപ്പോൾ സന്യാസിനിമാരിൽ ഒരാൾ ഡൽഹിയിലെ പ്രൊവിൻഷ്യൽ ഹൗസിലേയ്ക്ക് വിളിച്ച് വിവരം ധരിപ്പിക്കുകയുണ്ടായി. ഫോണിലൂടെ വലിയ ബഹളം കേട്ടതോടെ എല്ലാവരും ആശങ്കയിലായി. ഫോൺ വിളിച്ചുവച്ചതോടെ അവർ കൂടുതൽ പ്രശ്നമുണ്ടാക്കാൻ ശ്രമം ആരംഭിക്കുകയും, സന്യാസിനിമാരുടെ ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുകയും തങ്ങളുടെ ദൈവമാണ് യഥാർത്ഥ ദൈവമെന്ന് അവകാശപ്പെട്ട് ജയ് ശ്രീറാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആരംഭിക്കുകയും ചെയ്തു. സന്യാസാർത്ഥിനികളോട് നിങ്ങൾ ക്രിസ്ത്യാനികളല്ല, ഇവർ നിങ്ങളെ മതംമാറ്റാനായി കൊണ്ടുപോവുകയാണ് എന്ന് ആവർത്തിച്ച് അവർ പറയുന്നുണ്ടായിരുന്നു. എന്നാൽ, തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന സന്യാസാർത്ഥിനികളുടെ വാക്കുകളെ അവർ മുഖവിലയ്‌ക്കെടുത്തില്ല.
ട്രെയിനിനുള്ളിൽ വലിയ ബഹളം നടന്നുകൊണ്ടിരിക്കെ തന്നെ, അക്കൂടെയുള്ളവർ പുറത്തുള്ള ബജ്‌റംഗ്ദൾ പ്രവർത്തകരെയും പോലീസിനെയും വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ആന്റി കൺവെർഷൻ നിയമം ഉത്തർപ്രദേശിൽ നടപ്പാക്കപ്പെട്ടിട്ടുള്ളതിനാൽ, ആ നിയമ ലംഘനം എന്ന രീതിയിൽ തന്നെയാണ് പോലീസിലും അക്രമികൾ വിവരം ധരിപ്പിച്ചിരുന്നത്. ഏഴരയോടെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ പ്രവേശിക്കുകയും നാലുപേരോടും ലഗ്ഗേജ് എടുത്ത് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തങ്ങൾ അവധിക്ക് നാട്ടിൽ പോകുന്നവരാണ് പുറത്തിറങ്ങാൻ കഴിയില്ലെന്ന അവരുടെ വാക്കുകൾ പോലീസ് അംഗീകരിക്കുമായിരുന്നില്ല. വനിതാപോലീസ് ഇല്ലാതെ പുറത്തിറങ്ങില്ല എന്ന് അവരിൽ ഒരാൾ പറഞ്ഞു. എന്നാൽ ആ ആവശ്യവും അംഗീകരിക്കാതെ ബലപ്രയോഗത്തിലൂടെ പോലീസ് അവരെ ട്രെയിനിൽനിന്ന് പുറത്തിറക്കുകയാണ് ഉണ്ടായത്. തങ്ങളുടെ നിരപരാധിത്യം തെളിയിക്കാൻ പര്യാപ്തമായ കയ്യിലുണ്ടായിരുന്ന ആധാർകാർഡ് ഉൾപ്പെടെയുള്ള ഡോക്യുമെന്റുകൾ പലതും മുമ്പേതന്നെ കാണിച്ചിട്ടും എല്ലാം വ്യാജമാണെന്ന് പറഞ്ഞ് അക്രമികളും അവരുടെ പക്ഷത്തു നിന്ന പോലീസുദ്യോഗസ്ഥരും തള്ളിക്കളയുകയാണുണ്ടായത്.
ട്രെയിനിൽനിന്ന് നാല് യുവസന്യാസിനിമാരെ പുറത്തിറക്കിയപ്പോൾ ജയ്‌ശ്രീറാം വിളിയുമായി അവരെ സ്വീകരിക്കാൻ തയ്യാറായി നിന്നിരുന്നത് നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകരാണ്. അവിടെനിന്ന് ആർപ്പുവിളികളോടെ പോലീസ് അകമ്പടിയുമായി ഘോഷയാത്രയായാണ് അവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ആ സമയമുടനീളം പിന്നാലെ കൂടിയ വലിയ ആൾക്കൂട്ടം തീവ്ര വർഗീയ മുദ്രാവാക്യങ്ങളാണ് മുഴക്കിയിരുന്നത്. നടക്കുന്നതിനിടെ തങ്ങളെ കാത്തിരിക്കുന്ന വലിയ അപകടം തിരിച്ചറിഞ്ഞ സന്യാസിനിമാരിൽ ഒരാൾ, വനിതാ പോലീസ് ഇല്ലാതെ മുന്നോട്ടു നീങ്ങില്ല എന്ന് തീർത്തുപറഞ്ഞു. അല്പസമയത്തിനുള്ളിൽ എവിടെനിന്നോ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സന്യാസിനിമാരെ പോലീസ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവിക്കുന്നതെന്താണെന്ന് അറിയാനായി ഡൽഹിയിലുള്ള സന്യാസിനിമാർ തുടരെത്തുടരെ ഫോൺ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഫോണെടുക്കാൻ അക്രമികളും പോലീസും അനുവദിച്ചിരുന്നില്ല. അതിനിടെ, ട്രെയിൻ സ്റ്റേഷനിൽ നിന്ന് വിട്ടുകഴിഞ്ഞെന്നും, അവർ ട്രെയിനിലില്ലെന്നും മനസിലാക്കിയതിനാൽ എന്താണുണ്ടായതെന്നറിയാൻ കഴിയാതെ ഡൽഹിയിലുള്ളവർ കൂടുതൽ ആശങ്കയിലായി.
സന്യാസിനിമാരെ പോലീസ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചപ്പോൾ പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ. ഒരുതരത്തിലും ശാന്തരാവാതെ കൂടുതൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള അവരുടെ പദ്ധതിക്ക് തിരിച്ചടിയായത് ആ സമയത്ത് പെട്ടെന്ന് പെയ്ത വലിയൊരു മഴയാണ്. മനുഷ്യരെല്ലാം മനുഷ്യത്വം കൈവെടിഞ്ഞ് നിഷ്കളങ്കരെ അപായപ്പെടുത്താൻ ഒത്തുകൂടിയപ്പോൾ, ദൈവം പ്രകൃതിയിലൂടെ പ്രവർത്തിക്കുകയായിരുന്നു.
ഡൽഹിയിലെ സന്യാസിനിമാർ തങ്ങൾക്ക് പരിചയമുള്ള അഭിഭാഷകൻ കൂടിയായ ഒരു വൈദികൻ വഴി, ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐജിയെയും, കൂടാതെ ഡൽഹിയിലെ ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിക്കുകയുണ്ടായി. ഏറെ വൈകാതെ ഐജിയുടെ നിർദ്ദേശപ്രകാരം, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തിയതിനാലാണ് വലിയ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപെടാൻ അവർക്ക് വഴിയൊരുങ്ങിയത്. തുടർന്ന് എല്ലാ ഡോക്യുമെന്റുകളും വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും അവർ നിരപരാധികളാണെന്ന് നിയമപാലകർക്ക് ബോധ്യമാവുകയും ചെയ്തു.
രാത്രി പതിനൊന്നരയോടെയാണ് സന്യാസിനിമാർക്ക് പോലീസ് സ്റ്റേഷൻ വിട്ട് പോകാനായത്. തിരുഹൃദയ സന്യാസിനിമാർക്ക് ഝാൻസിയിൽ ഭവനങ്ങളോ മറ്റു പരിചയങ്ങളോ ഇല്ലാതിരുന്നതിനാൽ, ഝാൻസി ബിഷപ്പ് ഹൗസിലേയ്ക്ക് അധികാരികൾ അവരെ കൂട്ടിക്കൊണ്ടുപോവുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തു. ഝാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവ്വവുമായ ഇടപെടലാണ് വലിയൊരു അപകടത്തിൽനിന്ന് നാലുപേരെ രക്ഷിക്കാൻ കാരണമായത്. അല്ലാത്തപക്ഷം, പോലീസിന്റെ സാന്നിധ്യത്തിൽ ആൾക്കൂട്ട വിചാരണ നടത്തി അവരെ അവഹേളിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്യുമായിരുന്നു എന്ന് സമീപകാലത്തെ നിരവധി അനുഭവങ്ങളിൽ നിന്ന് തീർച്ചയാണ്. അതുതന്നെയായിരുന്നു ബജ്‌റംഗ്ദൾ പ്രവർത്തകരായ തീവ്ര ഹിന്ദുത്വവാദികളുടെ പദ്ധതിയും. ഒറ്റ ഫോൺവിളിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറ്റമ്പതിൽപ്പരം അക്രമികളെ ഒരുമിച്ചുകൂട്ടിയെങ്കിൽ അതിനുപിന്നിൽ വ്യക്തമായ ഒരു ആസൂത്രണം ഉണ്ടെന്ന് തീർച്ച. എല്ലാ രേഖകളുമായി എസി കമ്പാർട്ട്മെന്റിൽ സുരക്ഷിത സാഹചര്യത്തിൽ യാത്രചെയ്ത ചെറുപ്രായക്കാരായ നാല് കന്യാസ്ത്രീകൾക്കെതിരെ ഇത്രമാത്രം വലിയ അതിക്രമം ഉണ്ടായത് അവർ ക്രൈസ്തവ സന്യാസിനിമാരായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ്.
തുടർന്ന് ശനിയാഴ്ചത്തെ ട്രെയിനിൽ ഈ നാല് സന്യാസിനിമാരെ ഒഡീഷയിലേയ്ക്ക് യാത്രയാക്കിയത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അകമ്പടിയോടെയാണ്. തുടർന്നുള്ള യാത്രയിൽ അവർ അക്രമിക്കപ്പെട്ടേക്കാം എന്ന ആശങ്ക ഉണ്ടായിരുന്നതിനാൽ, സന്യാസ വസ്ത്രം ധരിച്ചിരുന്ന രണ്ട് സന്യാസിനിമാരും തുടർന്നുള്ള യാത്രയിൽ സാധാരണ വേഷം ധരിച്ചാണ് യാത്ര തുടർന്നത്. പക്ഷെ, തുടർന്ന് ഏറെദൂരം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നതിനാലും ആക്രമണ സാധ്യത തുടർന്നിരുന്നതിനാലും സുരക്ഷിതമായി വിഐപി കോച്ചിൽ യാത്രയ്ക്കുള്ള അവസരമൊരുക്കാം എന്ന് പോലീസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും വികലാംഗർക്കുള്ള കോച്ചിൽ രണ്ടു സീറ്റിലായി നാലുപേർ ഏറെ കഷ്ടപ്പാട് സഹിച്ചാണ് ഇരുപത്തിനാല് മണിക്കൂർ നീണ്ട യാത്ര പൂർത്തിയാക്കിയത്.
@the Vigilant Catholic