07 മാർച്ച് 2020
രാമേശ്വരം: കച്ചത്തീവിലെ പരമ്പരാഗതമായ സെന്റ് ആന്റണീസ് പള്ളിയുടെ തിരുനാളിന് രാമേശ്വരത്ത് നിന്ന് 2,570 തീർഥാടകർ ദ്വീപിലേക്ക് യാത്രതിരിച്ചു . കളക്ടർ വെള്ളിയാഴ്ചയാണ് ദ്വീപിലേക്കുള്ള യാത്രയ്ക്ക് അനുമതി നൽകിയത് മാർച്ച് ആറിനാണ് രണ്ട് ദിവസത്തെ പള്ളി തിരുനാൾ ആരംഭിച്ചത്.
ഇന്തോ-ശ്രീലങ്ക മാരിടൈം ബൗണ്ടറി ലൈനിന് സമീപത്തായി സ്ഥിതിചെയ്യുന്ന കച്ചത്തീവ് ദ്വീപിലെ സെന്റ് ആന്റണീസ് ചർച്ച് വളരെക്കാലമായി ഇന്ത്യൻ-ശ്രീലങ്കൻ കത്തോലിക്കാ വിശ്വാസികളുടെ തീർത്ഥാടനകേന്ദ്രമായിരുന്നു. തന്ത്രപ്രധാനമായ സ്ഥലമായതിനാൽ, വാർഷിക തിരുന്നാളിന് ഇപ്പോഴും ഇരു രാജ്യങ്ങളിൽ നിന്നും ജനങ്ങൾ പ്രത്യേക അനുമതിയോടെ ദ്വീപിലെത്തി മടങ്ങുന്നു. നേവിയുടെയും, പോലീസിന്റെയും അകമ്പടിയോടെയാണ് യാത്ര. ഇക്കൊല്ലം ഇതിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും 3,004 പേർ അപേക്ഷ നൽകിയതിൽ 2,881 പേർക്കാണ് അനുമതി ലഭിച്ചത്
രാമേശ്വരം ജെട്ടിയിൽ നിന്ന് തീർത്ഥാടകരുടെ ആദ്യ ബാച്ചുകൾ വെള്ളിയാഴ്ച രാവിലെ രാമനാഥപുരം ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്റെയും പോലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിൽ യാത്രയാരംഭിച്ചു. 74 യന്ത്ര ബോട്ടുകളിലും 23 കൺട്രി ബോട്ടുകളിലുമായി 2,028 പുരുഷന്മാരും 450 സ്ത്രീകളും 92 കുട്ടികളും ഉൾപ്പെടെ 2,570 ഇന്ത്യക്കാർ സംഘത്തിലുണ്ട്.
ആവശ്യമായ ലൈഫ് ജാക്കറ്റുകൾ, ജീവൻരക്ഷാ ഉപാധികൾ ഭക്ഷണം വെള്ളം എന്നിവയും ഒപ്പം കരുതിയിട്ടുണ്ട്. രാമേശ്വരം ജെട്ടിയിൽ ഏഴ് മെഡിക്കൽ ടീമുകളും 108 ആംബുലൻസുകളും അത്യാവശ്യ സഹായതിനായി നിലയുറപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ നിന്നും ഏഴായിരത്തോളം തീർഥാടകരാണ് ഇപ്രാവശ്യത്തെ തിരുനാളായി കച്ചിത്തിവിൽ എത്തുക.