സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ ഇൻഡോനീഷ്യ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് മലയാളികളടക്കം മൂന്നു മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം വെട്ടുതുറ സ്വദേശി സിജിൻ സ്റ്റീഫൻ, പുതുക്കുറിച്ചി സ്വദേശി ജോമോൻ ജോണി, തമിഴ്നാട് പൂത്തുറൈ സ്വദേശി ഇമ്മാനുവൽ ജോസ് എന്നിവരാണ് ചെന്നൈയിൽ വിമാനം ഇറങ്ങി സ്വദേശത്തേക്ക് പോയത്. നോർക്ക സ്പെഷ്യൽ ഓഫീസർ അനു പി ചാക്കോ ചെന്നൈയിൽ ഇവരെ സ്വീകരിച്ചു. ഇവർക്ക് വിശ്രമിക്കാനും നാട്ടിലേക്ക് പോകാനുമുള്ള യാത്ര സൗകര്യങ്ങളുമൊരുക്കാൻ കേരള സർക്കാർ നിർദ്ദേശിച്ചിരുന്നതായി അനു പറഞ്ഞു.
കേന്ദ്രസർക്കാർ ജക്കാർത്തയിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ്, കേരള സർക്കാർ, നിയമസഹായ വേദികൾ എന്നിവയുടെ സഹകരണത്തോടെ സന്നദ്ധ സംഘടനയായ സാന്തവും ഇന്റർനാഷണൽ നടത്തിയ പരിശ്രമങ്ങളാണ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതുറന്നത്. ആൻഡമാനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ കന്യാകുമാരി സ്വദേശി മരിയാ ജെസിൻദാസിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് യാന്ത്രിക തകരാറിനെ തുടർന്ന് കാറ്റിൽ ഒഴുകി ഇൻഡോനീഷ്യയുടെ സമുദ്ര അതിർത്തി കടന്നത് മാർച്ച് 7 നായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന എട്ടു പേരെ ഇൻഡോനീഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തു.
50 ദിവസത്തിനു ശേഷം ഒരു മലയാളിയടക്കം നാലുപേരെ മോചിപ്പിക്കുകയും ചെയ്തു. ശേഷിച്ച നാലുപേരുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്കിടെ ബോട്ടിന്റെ സ്രാങ്ക് മരിയ ജെസിൻദാസ് ഓഗസ്റ്റിൽ മരണപ്പെട്ടു. സ്രാങ്കിന്റെ മരണത്തെയും തടവിലുള്ളവരുടെയും ഇവരുടെ കുടുംബാംഗങ്ങളുടെ ദുരിതങ്ങളെയും പറ്റിയുള്ള വാർത്ത മാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഇതോടെ ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും വേഗത്തിലായി.