ഭരണാധികാരികളുടെ ഇടപെടൽ കാത്ത് ആഴ്ചകളായി ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു തിരികെ കൊണ്ടുവരുവാനുള്ള ഭരണാധികാരികളുടെ നടപടികൾ എങ്ങും എത്തുന്നില്ല. പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർ പറഞ്ഞതനുസരിച്ച്, ഫോണിലൂടെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടെങ്കിലും അവരെ നേരിൽ കാണുകയോ, പ്രശ്നങ്ങൾ മനസ്സിലാക്കുകയോ, യാതൊരു വിധത്തിലുള്ള സഹായം നൽകുകയോ ചെയ്തിട്ടില്ല. അതേസമയം ഇറാനിലെ ആരോഗ്യ സംവിധാനം ഏറെക്കുറെ താറുമാറാണ്. അത്യാവശ്യ മരുന്നിനുപോലും നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കണം എന്നാണ് അവിടെ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഭക്ഷണവും ആവശ്യ സാധനങ്ങളും ലഭ്യമല്ലാത്ത ഈ അവസരത്തിൽ, ഇനിയും താമസിപ്പിയ്ക്കാതെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ സംഭവിക്കും എന്നാണ് ഇറാനിലെ മത്സ്യത്തൊഴിലാളികൾ നൽകുന്ന സൂചന.
അതേസമയം ഇറാനിൽ നിന്നും ഏതുവിധേനെയും ഇവരെ തിരിച്ചെത്തിക്കുവാൻ ശ്രമിക്കുമെന്ന് അതിരൂപത മൈഗ്രന്റ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോണ് ഡാൾ അറിയിച്ചു.
മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട അധികാരികളെയും നോർക്കാ അധികാരികളെയും നേരിൽ കണ്ട് സംസാരിച്ചു. ശശി തരൂർ എം. പി. വഴി കേന്ദ്ര സർക്കരുമായും ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ പതിക്കുന്നതിനായി നാഗർകോവിലിൽ ഒരു ധർണ്ണ സംഘടിപ്പിക്കുകയും അവിടുത്തെ മുഖ്യമന്ത്രിയെ നേരിൽ കണ്ടു സംസാരിക്കുകയും ചെയ്തു. സാമ്പത്തികമോ ഭരണപരമോ ആയ പിന്തുണ ലഭ്യമല്ലാത്ത മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ അധികാരികളുടെ അടിയന്തര ശ്രദ്ധ പതിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.