തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തക, മഹാത്മാഗാന്ധി യോടൊപ്പം സബർമതി ആശ്രമത്തിലും വാർധയിലും രാജ്യമെമ്പാടും ഭാരത സ്വാതന്ത്ര്യത്തിനായി പോരാടിയ മഹനീയ വ്യക്തിത്വം, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി, ഭാരത ഭരണഘടനാ നിയമ നിർമ്മാണ സഭാംഗം, തിരുവനന്തപുരത്തെയും കേരളത്തിലെയും ആദ്യ വനിതാ ലോക്സഭാംഗം, തിരു-കൊച്ചി നിയമ സഭാംഗം, സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രി തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക നഭോമണ്ഡലങ്ങളിൽ തിളങ്ങി വിളങ്ങി പ്രശോഭിച്ച, “തിരുവിതാംകൂർ ഝാൻസി റാണി” എന്നറിയപ്പെടുന്ന കുമാരി ആനി മസ്ക്രീന്റെ ജീവചരിത്രം ആസ്പദമാക്കി കേരളാ ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ പാരീഷ് ഹാളിൽ 21ന് രാവിലെ 10 മണിമുതൽ സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ചിത്രരചനയിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പഠന ക്ലാസ്സും നടത്തപ്പെടും.
ഉച്ചയ്ക്ക് രണ്ടുമണിമുതൽ “പൗരത്വ ഭേദഗതി നിയമവും മതേതര ഭാരതവും” സെമിനാർ അഡ്വ. ഫാ.സേവ്യർ കുടിയാംശ്ശേരി നയിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം നടക്കും. മോൺ.ഡോ.നിക്കോളസ് റ്റി മുഖ്യ പ്രഭാഷണം നടത്തും. ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകും.