ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. അദ്ദേഹത്തിന്‍റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരിച്ചു. വിശുദ്ധപദവി പ്രഖ്യാപന തിയതി പിന്നീട് അറിയിക്കും. ഇറ്റാലിയൻ കപ്പൂച്ചിൻ കന്യാസ്ത്രീയായ വാഴ്ത്തപ്പെട്ട മരിയ ഫ്രാൻസെസ്കോ ദെ ജെസുവിനേയും അദ്ദേഹത്തോടൊപ്പം വിശുദ്ധപദവിയിലേക്ക് ഉയർത്തും.ലോകംമുഴുവൻ സൈബർ അപ്പോസ്തലൻ എന്ന് വിളിക്കപ്പെടുന്ന ധന്യൻ കാർലോ അക്യൂട്ടിസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയരും. എൽ സാൽവദോറിൽ കൊല്ലപ്പെട്ട ദൈവദാസന്മാരായ ഈശോ സഭാ വൈദികൻ റുട്ടീലിയോ ഗ്രാൻഡെ ഗാർസിയയും 2 അൽമായരും അദ്ദേഹത്തോടൊപ്പം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. ലാറ്റിൻ അമേരിക്കയിലെ ഗ്രാമങ്ങളിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ് വി. ഓസ്കർ റൊമേറോയുടെ സുഹൃത്ത് കൂടിയായ ഫാ. ഗ്രാൻഡെ.വ്യാകുലമാതാവിന്റെ കന്യാസ്ത്രീസമൂഹത്തിന്റെ സ്‌ഥാപകനും വൈദികനുമായ എമിലിയോ വെഞ്ചുറിനി, പിറോ സ്കാവിസി, സ്റ്റിഗ്മാറ്റൈൻസ് സഭാംഗമായ എമിലിയോ റെക്കിയ (മൂവരും ഇറ്റലി), ചിലിയിൽ നിന്നുള്ള മാരിയോ ഹിരിയാർട്ട് പുലിദോ എന്നീ ദൈവദാസന്മാരെ ധന്യന്മാരായി പ്രഖ്യാപിക്കുമെന്നും വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം മാർപ്പാപ്പയെ അറിയിച്ചു.