©ആന്റണി വര്ഗീസ്
പരിശുദ്ധ കത്തോലിക്കാ സഭ ജപമാല മാസമായി ആചരിക്കുന്ന ഈ ഒക്ടോബർ മാസത്തിലെ ആദ്യ ദിവസത്തിൽ തന്നെ തിരുവനന്തപുരം അതിരൂപതയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിവസം അതിരൂപത ദിനമായി ആഘോഷിക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹമായി, സ്നേഹ സമ്മാനമായി അതിരൂപതയ്ക്ക് രണ്ടു പുതിയ വൈദികരെ കൂടി നൽകി ദൈവം അനുഗ്രഹിക്കുന്നു. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഇന്നു വൈകുന്നേരം മൂന്നരയോടുകൂടി പാളയം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ വച്ച് ബഹുമാനപ്പെട്ട വൈദികരും വിശ്വാസികളുമടങ്ങുന്ന ചെറിയൊരു സമൂഹത്തെ സാക്ഷിയാക്കി അതിരൂപതാ പിതാക്കന്മാരുടെ കൈവെപ്പ് സുശ്രൂഷ വഴി ഡീക്കൻ മരിയ ജെബിനും ഡീക്കൻ കിരൺ ലീനും വൈദികരായി അഭിഷേകം ചെയ്യപ്പെട്ടു പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുകയും പരിശുദ്ധ ബലിപീഠത്തെ സമീപിക്കുകയും ബെലിയർപ്പകരായി മാറുകയും ചെയ്യുന്നു.
ഡീക്കൺ മരിയ ജെബിൻ മാർത്താണ്ഡംതുറ സ്വദേശിയും ഡീക്കൻ കിരൺ ലീൻ പുല്ലുവിള സ്വദേശിയുമാണ്. ക്രിസ്തുവിന്റെ പൗരോഹിത്യ വീഥിയിൽ അവിടുത്തെ സുവിശേഷ വെളിച്ചമായി മാറുവാനും ഈശോയെ ജീവിതം കൊണ്ടും കർമ്മംകൊണ്ടു വിശ്വാസ സമൂഹത്തിന് പകർന്നുകൊടുക്കുന്നവരായി മാറുവാനും ഇരുവർക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. പരിശുദ്ധ അമ്മയുടെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും മാധ്യസ്ഥം നിങ്ങൾക്കൊപ്പം എല്ലായിപ്പോഴും ഉണ്ടായിരിക്കട്ടെ സ്നേഹപൂർവ്വം എന്നാശംസിക്കുന്നു.
Anthony Vargheese