അടിമലത്തുറയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കെതിരെ മാധ്യമങ്ങൾ ഉന്നയിച്ച ആരോപണങ്ങളെ അതിശക്തമായി അപലപിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം .
മത്സ്യത്തൊഴിലാളികളെയും അതിലൂടെ അവരുടെ നേതൃത്വത്തെയും എതിർക്കുന്ന പ്രവണത മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായതായി വെളിപ്പെട്ടിട്ടുണ്ടെന്നും, ആയതിനാൽ മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
സമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗമാണ് മത്സ്യത്തൊഴിലാളി സമൂഹം. പ്രളയ ദിനങ്ങളിൽ കേരള മനസ്സാക്ഷിയുടെ മുന്നിൽ സ്വജീവൻ പോലും മറന്നുകൊണ്ട് രക്ഷകരായി മാറിയ മത്സ്യതൊഴിലാളികളുടെ ജീവിതം അനുദിനം എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. തിങ്ങി ഞെരുങ്ങിയ, ചോർന്നൊലിക്കുന്ന കൂരകളാണ് മത്സ്യത്തൊഴിലാളിക്ക് എന്നും ആശ്രയം. അടിമലത്തുറയുടെ സാഹചര്യവും മറ്റൊന്നല്ല.
തീരത്ത് ജനിച്ചു വളർന്നവർ കാലങ്ങളായി അനുഭവിച്ചു പോരുന്ന കടൽത്തീരം അവരുടെ ജന്മാവകാശമാണ്. ഒരു ജനസമൂഹത്തിന്റെ മൗലിക അവകാശങ്ങളായ സംസ്കാരത്തെയും തൊഴിലിടത്തെയും സംരക്ഷിക്കുക എന്നത് മത്സ്യത്തൊഴിലാളിക്ക് ഇന്ന് ഏറെ വിഷമകരമായിതീർന്നിരിക്കുന്നു. നൂറ്റാണ്ടുകളായി അവർ വസിക്കുന്ന തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് തന്നെ നല്കണമെന്നും, കയ്യേറ്റങ്ങൾ വ്യാപകമായി നടക്കുമ്പോൾ തലചായ്ക്കാൻ ഒരിടത്തിനുവേണ്ടി മാത്രം പാടുപെടുന്ന മത്സ്യത്തൊഴിലാളികളെ മാത്രം തിരഞ്ഞുപിടിച്ച് വിവാദങ്ങളിലേക്ക് തള്ളി വിടുന്നത് അവസാനിപ്പിക്കണമെന്നും, പുനരധിവാസം പറഞ്ഞു തീരവുമായി ബന്ധമില്ലാത്ത മേഖലയിൽ മത്സ്യത്തൊഴിലാളികളെ കൊണ്ടുവന്നു പാർപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന ദൈന്യംദിന ബുദ്ധിമുട്ടുകൾ ഉത്തരവാദിത്തപ്പെട്ടവർ മനസിലാക്കണമെന്നും കെ.സി.വൈ. എം. അതിരൂപതാ സമിതി ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖത്തിനോടനുബന്ധിച്ച് വിഴിഞ്ഞത്തിന് തെക്കുഭാഗത്ത് തീരം കൂടുന്നതിനെതുടർന്ന് മത്സ്യത്തൊഴിലാളികൾ ഭവനങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവർ എന്തുകൊണ്ട് വടക്കുഭാഗത്ത് കടൽ കയറി തീരം നഷ്ടപ്പട്ട് ഭവനങ്ങൾ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെ ഓർത്തോ അവരുടെ അവസ്ഥയെ ഓർത്തോ ആകുലതപ്പെടുന്നില്ല എന്ന വിരോധാഭാസം പ്രസക്തമാണ്.
കെ.സി.വൈ.എം. തിരുവനന്തപുരം ലത്തീൻ അതിരൂപത