മുന്‍ അല്‍മായകമ്മീഷന്‍ ഡയറക്റ്റര്‍ ശ്രീ. ആര്‍ക്കാഞ്ജലോയുടെ കുടുംബപ്രാര്‍ത്ഥനയെക്കുറിച്ചുള്ള നിരീക്ഷണം ശ്രദ്ധേയം.
ഫെയ്സ് ബുക്ക് കുറിപ്പിൻറെ പൂര്‍ണ്ണരൂപം വായിക്കാം
അഞ്ചു തലമുറകളിലെ കുടുംബ പ്രാർഥന
‘ഒരുമിച്ച് പ്രാർഥിക്കുന്ന കുടുംബം ഒരുമിച്ച് നിൽക്കുന്നു’ എന്ന് ഒരു പഴമൊഴി. എന്റെ അമ്മൂമ്മമാർ പറഞ്ഞുതന്നിട്ടുണ്ട്, അവരുടെ കുട്ടിക്കാലത്തെ കുടുംബ പ്രാർഥനയെപ്പറ്റി. ഒരു മണിക്കൂറോളം നീളുന്ന കൊന്ത, വണക്ക മാസം തുടങ്ങിയ പ്രാർഥനകൾ. ഈ സമയമത്രയും മുട്ടിന്മേൽ നിൽക്കണം. സന്ധ്യാസമയത്തു പള്ളിയിൽ മണി അടിക്കുമ്പോൾ പ്രാർഥന ആരംഭിക്കും. പ്രാർഥനയ്ക്ക് മുമ്പായി എല്ലാവരും വീട്ടിൽ എത്തിയിരിക്കണം. ഒരു ദിവസവും ഇതിനു മുടക്കമില്ല. മുടങ്ങിയാൽ ചൂരൽ പ്രയോഗം ! പ്രാർഥനക്ക് ശേഷം മാത്രം അത്താഴം.
കാലം വീണ്ടും കഴിഞ്ഞു. അമ്മൂമ്മമാർ മുതിർന്നു. അവർക്ക് കുടുംബമായി. അവരുടെ മക്കളുടെ (അപ്പച്ചന്റെയും അമ്മച്ചിയുടെയും) കുട്ടിക്കാലം വന്നു. മുട്ടിന്മേൽ നിൽക്കണമെന്ന വ്യവസ്‌ഥക്ക് ഇളവ് വന്നു. തറയിൽ പായിട്ട് ഇരിക്കാം. സമയം 45 മിനിറ്റിൽ ഒതുക്കി. ഇരുന്നുറങ്ങിപ്പോയാൽ ചൂരൽ കഷായം ഇല്ല. ദേഷ്യപ്പെടും എന്നുമാത്രം. പക്ഷെ, പ്രാർഥനക്കുശേഷം മാത്രം അത്താഴം എന്നതിന് മാറ്റമില്ല.
വർഷങ്ങൾ വീണ്ടും നീങ്ങി. ഞങ്ങളുടെ കുട്ടിക്കാലമായി. കുടുംബ പ്രാർഥന നിർബന്ധം തന്നെ. പക്ഷെ സമയം അരമണിക്കൂറായി ചുരുക്കി. രാത്രി എപ്പോൾ വേണമെങ്കിലും പ്രാർഥിക്കാമെന്നായി. സമയക്ലിപ്തത പോയി. അത്താഴം, പ്രാർഥനക്ക് മുൻപോ പിമ്പോ കഴിക്കാം. തറയിൽ ഇരിക്കേണ്ട. കസേരയിൽ ഇരുന്നു പ്രാർഥിക്കാം. ഇരുന്നുറങ്ങിയാൽ ദേഷ്യപ്പെടില്ല, കളിയാക്കുകയേയുള്ളൂ. പ്രാർഥനക്ക് മുമ്പായി കുടുംബ സദസ് എന്നൊരു പുതിയ ആശയം ഉടലെടുത്തു. അന്നത്തെ വിശേഷങ്ങൾ പരസ്പരം പങ്കു വെക്കുന്ന ഒരു ചർച്ച. ഈ ചർച്ച നീട്ടിക്കൊണ്ടുപോയി പ്രാർഥനയുടെ സമയംകൂടെ അപഹരിക്കാൻ തുടങ്ങി. (കുടുംബ സദസ്സിനെപ്പറ്റി വിശദമായി പിന്നെ എഴുതാം)
കാലചക്രം വീണ്ടും ഉരുണ്ടു. ഞങ്ങളുടെ മക്കളുടെ കുട്ടിക്കാലമായി. 15 -20 മിനിറ്റായി പ്രാർഥനയുടെ സമയദൈർഘ്യം. അത്യാവശ്യം വന്നാൽ കുടുംബ പ്രാർഥന മുടക്കാമെന്നായി. മക്കളുടെ പഠനത്തിനായി പ്രാമുഖ്യം. ഇരുന്നുറങ്ങുന്നവരോട് പോയി കിടന്നോളാൻ പറയുന്ന അവസ്‌ഥയായി. മക്കൾ പ്രാർഥനയ്ക്ക് വരുന്നതുതന്നെ കുടുംബ സദസ്സിൽ
പങ്കെടുക്കാനെന്ന സ്ഥിതിയായി.
ഞങ്ങളുടെ മക്കൾ മുതിർന്നു. അവർക്കു മക്കളായി. പുതിയ തലമുറ രംഗപ്രവേശം ചെയ്യുന്നു. കുടുംബ പ്രാർഥന എന്നൊരു കാര്യം തന്നെ അവർക്ക് ആലോചിക്കാൻ സമയം കിട്ടുന്നില്ല. എങ്ങനെ ഇതിൽനിന്നു മുങ്ങാം എന്ന് ഗവേഷണം ചെയ്യുന്ന പേരക്കുട്ടികൾ. ടി.വി.യും യുട്യൂബും ചാനലുകളിലെ കോമിക്ക് കഥാപാത്രങ്ങളും രാജാക്കന്മാരായി വിലസിക്കൊണ്ടിരിക്കുന്നു. ഇതികർത്തവ്യതാമൂഢരായി എന്റെ തലമുറ.
കാലമിനിയും ഉരുളും. ഈ പുത്തൻ തലമുറ നാളെ മുതിർന്നവരാകുമ്പോൾ ‘കുടുംബ പ്രാർഥന’ എന്നൊരു വിചിത്രമായ ആചാരം നമ്മുടെ കുടുംബങ്ങളിൽ പണ്ട് നിലനിന്നിരുന്നതായി കഥ പറഞ്ഞുകൊടുക്കുകയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യില്ലെന്ന് ആര് കണ്ടു ?
വാൽക്കഷ്ണം:
ഇത് ഞങ്ങളുടെ മാത്രം കഥയാവാൻ വഴിയില്ല. ഞങ്ങളുടെ തലമുറയാകെ നേരിടുന്ന ധർമ്മസങ്കടമല്ലേ ഇത് ? ആരാണ് കുറ്റക്കാർ ? പുതിയ തലമുറയോ പഴയ തലമുറയോ ? അതോ ആരുമല്ലേ ? കവി പാടിയപോലെ “നമുക്കിപ്പോഴീ ആർദ്രയെ ശാന്തരായി സൗമ്യരായി എതിരേൽക്കാം”