എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ
ഷെവലിയാർ പ്രൊഫ. എൽ. എം. പൈലി സ്മാരക
പ്രബന്ധ പരമ്പര നടത്തുന്നു. 2020 നവംബർ 1 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് പ്രബന്ധ പരമ്പരയുടെ ആദ്യ ഭാഗം അവതരിപ്പിക്കും.
“ഇന്ത്യ – ഇരുപത്തൊന്നാം നൂറ്റാണ്ടിലെ
അയൽക്കാർ, സഖ്യങ്ങൾ, പ്രതികൂല പരിസ്‌ഥിതികൾ” എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. കൃഷി വകുപ്പ് മന്ത്രി ശ്രീ. വി. എസ്. സുനിൽകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്യും. ലോക്സഭാ എംപിയും ഐക്യരാഷ്ട്ര സഭ മുൻ അണ്ടർ സെക്രട്ടറിയുമായ ശ്രീ. ശശി തരൂർ വിഷയാവതരണം നടത്തും.
വരാപ്പുഴ അതിരൂപതയുടെ ഉന്നത വിദ്യാഭാസ സ്‌ഥാപനമായ എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ ട്രെയിനിങ് & ഡവലപ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രബന്ധ പരമ്പര സംഘടിപ്പിക്കുന്നത്. കേരളത്തിലെ ക്രിസ്തീയ പാരമ്പര്യത്തെക്കുറിച്ചുള്ള വിജ്ഞാനകോശം എന്നുപറയാവുന്ന “Christian Heritage of Kerala” എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് എൽ. മാത്യു പൈലി എന്ന ശ്രീ. എൽ. എം പൈലി. ലത്തീൻ സഭയുടെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച അദ്ദേഹം, സഭയുടെ ഉന്നമനത്തിനായി, പ്രത്യേകിച്ചു പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു.
വരാപ്പുഴ അതിരൂപതയുടെയും സെന്റ് ആൽബർട്ട്സ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും ചരിത്രത്തിൽ ശ്രദ്ധേയസ്‌ഥാനമുള്ള ശ്രീ. പൈലി കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്നു. 1947ൽ തിരു-കൊച്ചി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി. 1949ൽ വീണ്ടും കോളേജിന്റെ നേതൃത്വത്തിലെത്തി. 1946ൽ പ്രവർത്തനം ആരംഭിച്ച സെന്റ് ആൽബർട്ട്സ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അവസരത്തിലാണ് കോളേജിന്റെ പ്രഥമ പ്രിൻസിപ്പാളിന്റെ പേരിൽ വിജ്ഞാനപ്രദമായ ഒരു സംരംഭം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് :
ഡോ. ഷൈൻ ആന്റണി, 9895403578
(ഡീൻ, ട്രെയിനിങ് & ഡവലപ്‌മെന്റ്)