തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുകയാണെന്നും തീരമേഖലയിലെ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തീരപ്രദേശങ്ങളിൽ പൂർണമായി ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോൺ. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാമത്തെ സോണുമാണ്.
തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാകുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചതിൽ 51 പേർക്ക് വെള്ളിയാഴ്ച പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് നടത്തിയ ടെസ്റ്റിൽ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയിൽ 75 സാമ്പിളുകൾ പരിശോധിച്ചതിൽ 20 എണ്ണം പോസിറ്റീവായി വന്നു. അഞ്ചുതെങ്ങിൽ 83 സാമ്പിളുകൾ പരിശോധിച്ചതിൽ 15 പോസിറ്റീവാണ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണങ്ങളാണിത്. ഈ ഗുരുതരസ്ഥിതി നേരിടാൻ സർക്കാർ എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടുപോവുകയാണ്.
സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ വെള്ളിയാഴ്ച പോസിറ്റീവായ 246 കേസുകളിൽ രണ്ടുപേർ മാത്രമാണ് വിദേശങ്ങളിൽനിന്ന് എത്തിയവർ. 237 പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കംമൂലമാണ്. നാല് ആരോഗ്യപ്രവർത്തകർ. മൂന്നുപേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണ്.