തീരദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാരിൻറെ നിർദേശം പാലിച്ച് കഠിനംകുളം ഗ്രാമപഞ്ചായത്തിന് കീഴിൽ മരിയനാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കുന്നു. മരിയനാട് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാസദൻ സെൻട്രൽ സ്കൂൾ ആണ് കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുവാൻ വേണ്ടി ഏറ്റെടുത്തിരിക്കുന്നത്.ഏകദേശം 90 കോവിഡ് ബാധിതരെ കിടത്തി ചികിത്സിക്കാൻ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ വിദഗ്ധ പരിശീലനം നേടിയ 15 അംഗ ടീമിനെയാണ് രോഗികളെ പരിപാലിക്കാനായി ഒരുക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ഫെലിക്സിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ ശ്രീമതി. ജ്ഞാനസെൽവം, ശ്രീ. ജോസ് നിക്കോളാസ് എന്നിവരും പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യപ്രവർത്തകരുമാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കോവിഡ് കാലത്തെ ഈ സംരംഭം അനേകം തദ്ദേശ സ്‌ഥാപനങ്ങൾക്ക് മാതൃകയാകുന്ന പ്രവർത്തനമാകും എന്നതിൽ സംശയമില്ല.