തിരുവനന്തപുരം: ഒരുമാസമായി തുടങ്ങിയ കാലവർഷക്കെടുതി കൾക്ക് ഇനിയും അവസാനമാകുന്നില്ല. വലിയതുറ മൂന്നു നിരകളിലായി 140 ഓളം വീടുകൾ കടലെടുത്തു പോയപ്പോൾ ആരംഭിച്ച കെടുതികൾ ഇനിയും അവസാനിക്കുന്നില്ല. അന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയ ജനങ്ങൾ ഇനിയും മടങ്ങി പോയിട്ടില്ല. ആ ദിവാസങ്ങളിൽ ക്യാമ്പുകളിൽ എത്തിയ ജനങ്ങളെ സഹായിക്കുന്ന സത്വര നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്ന് മുറവിളി ഉയരുമ്പോൾ തന്നെ കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക്, തീരങ്ങളിലേക്ക് പ്രതിസന്ധി വ്യാപിക്കുകയാണ്. വലിയതുറയെ തുടർന്ന് ചെറിയതുറയിലും വെട്ടുകാടും കണ്ണാന്തുറയിലും ഇപ്പോൾ വലിയ വെളിയിലേക്കും കടൽ കയറ്റം വ്യാപിച്ചിരിക്കുന്നു. വലിയതുറ നിന്നും കിലോമീറ്ററുകൾ മാറി ഇന്നലെ മുതൽ വലിയവേളി പ്രദേശത്താണ് കടൽ കയറി കൊണ്ടിരിക്കുന്നത്.
വലിയവേളി ഇടവകയുടെ സഹായത്തോടെ നിർമിച്ച തൈവിളാകത്തു എലിസബത്തിന്റെ വീട് ഏതുനിമിഷവും കടലെടുക്കും എന്ന അവസ്ഥയിലാണ്. തങ്ങളുടെ ജീവിതത്തിൽ ഇത്രയും വലിയ കടലാക്രമണം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുമ്പോൾ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടാണ് ഇത്ര രൂക്ഷമായ കടകയറ്റം സംഭവിക്കുന്നത് എന്ന ജനങ്ങളുടെ വാദം കൂടുതൽ ശെരിയാകുന്നു.