Anthony Varghees
ഒരു മരണ വീടിനു സമാനമാണ് ഇന്ന് കേരളത്തിലെ തീരപ്രദേശങ്ങൾ പ്രത്യേകിച്ച് തെക്കൻ തീരപ്രദേശങ്ങൾ. ഇന്നലവരെ ഉണ്ടായിരുന്ന ചിരി കളിയും തമാശകളും ആഘോഷങ്ങളും തീരപ്രദേശങ്ങളിൽ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. പലയിടത്തും നൊമ്പരപ്പെടുത്തുന്ന ഹൃദയഭേദകമായ കാഴ്ചകൾ. കടൽതീരവും, കടല്‍തീരത്തെ കളികളും വെറും ഓർമ്മകളായി മാറുന്നു. തല ചായ്ച്ചുറങ്ങാൻ പണിതുയർത്തിയ സൗധങ്ങളെ കടൽ തിരമാലകൾ വിഴുങ്ങി ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു. സന്തോഷങ്ങളും പുഞ്ചിരികളും അസ്തമിക്കുമ്പോൾ വേദനകളും അവഗണനകളും ബാക്കിയാകുന്നു. കടലിന്റെയും തീരങ്ങളുടെയും സൗന്ദര്യത്തിനും കുറവുണ്ടായിരിക്കുന്നു. പറന്നുയർന്നുതുടങ്ങിയ പല സ്വപ്ന ചിറകുകളും ഇന്ന് പറന്നുയരാൻ കഴിയാതെ ചലനമറ്റു കിടക്കുന്നു. കടലിന്‍റെ ഉപ്പുരസത്തിൽ ഒരു ജനതയുടെ കണ്ണുനീരിന്‍റെ ഉപ്പുരസം അലിഞ്ഞുചേരുന്നു. കടൽ ഉഗ്രകോപം പൂണ്ടിരിക്കുന്നു. ആ കോപത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ തീരങ്ങൾക്കോ തീരസംരക്ഷണത്തിനോ ഭരണ സംവിധാനങ്ങൾക്കൊ, കൂടിയാലോചനകള്‍ക്കോ കഴിയുന്നില്ല. മരിച്ചുകൊണ്ടിരിക്കുന്ന തീരങ്ങളെ കാണുമ്പോൾ മനസ്സ് മരവിച്ചു പോകുന്നു. കടൽ തിരമാലകൾ തീരങ്ങളെ കവർന്നെടുക്കുന്നത് കാണുമ്പോൾ കലങ്ങിയ കണ്ണുമായി എല്ലാം ഉള്ളിലൊതുക്കി നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ. മരണ ഭയത്തോടെ ഇനിയെന്ത്? ഇനിയെങ്ങനെ നാളെ? ഒരെത്തും പിടിയും കിട്ടുന്നില്ല.
വർഷങ്ങൾക്ക് പിറകിലോട്ടു തിരിഞ്ഞുനോക്കുമ്പോൾ കേരളത്തിലെ തെക്കൻ തീരപ്രദേശങ്ങളിൽ കടലിനോട് ചേർന്നുതന്നെ വലിയ തീരങ്ങളുമുണ്ടായിരുന്നു. വിശാലമായ കളിസ്ഥലങ്ങളോടുകൂടി പരന്നുകിടക്കുന്ന തീരങ്ങളും, തീരത്തോട് ചേർന്നുകിടക്കുന്ന കുഞ്ഞുകുഞ്ഞു ഭവനങ്ങളും തെങ്ങിൻ തോട്ടങ്ങളും തീരങ്ങളുടെ സൗന്ദര്യമായിരുന്നു. ആരെയും ആകർഷിക്കാൻ പോന്ന സൗന്ദര്യം. മത്സ്യബന്ധന തൊഴിലിനുപോയി തിരിച്ചു വന്നു വിശ്രമം ആഗ്രഹിക്കുന്ന മത്സ്യത്തൊഴിലാളികളും വീട്ടിലെ ജോലി തിരക്കെല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടെ വിശ്രമിക്കാൻ വരുന്ന വീട്ടമ്മമാരും, കളിക്കുവാൻ വലിയ പുല്‍ മൈതാനങ്ങളോ ഗ്രൗണ്ടുകളോ ഇല്ലാത്ത അവിടെ കായികമേഖലയിൽ പ്രത്യേകിച്ച് ഫുട്ബോളിന്റെ ലഹരിയിൽ മുഴുകിയ യുവജനങ്ങളും കളിയാസ്വാദകരും, ഓടിക്കളിച്ചു. എന്തിനു പറയാൻ രാത്രിയില്‍ കടപ്പുറത്തെ മണൽത്തരികളിൽ മണൽ മെത്തയൊരുക്കി കടൽ കാറ്റും കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കാന്‍.
വിദേശസഞ്ചാരികളടക്കം പുറമേനിന്നുള്ള എത്രയെത്ര പേരാണ് തീരങ്ങളുടെ ആകർഷണത്തിൽ മതിമറന്ന് തീര സൗന്ദര്യത്തെ ആസ്വദിക്കാനെത്തിയത്. തിരുവനന്തപുരം നഗരത്തിലെ എത്രയെത്ര കുടുംബങ്ങളാണ് വ്യക്തികളാണ് പ്രായഭേദമന്യേ, തിരക്കു പിടിച്ച ജോലി മേഖലയിൽനിന്നുള്ള ടെൻഷനും അവശതയും മറക്കാനും പ്രണയസല്ലാപങ്ങളിൽ മുഴുകാനും, സന്തോഷങ്ങൾ പങ്കിടാനുമെല്ലാം നമ്മുടെതീരങ്ങളിലെത്തിയത്. അതെ! തീരങ്ങളെപ്പോഴും ആഘോഷങ്ങളിലായിരുന്നു. സന്തോഷങ്ങളിലായിരുന്നു. കടലെന്നും തീരങ്ങളെന്നും കേട്ടാലേ എല്ലാവർക്കും ഹരമായിരുന്നു. എന്നാൽ, ഇന്ന് അതെല്ലാം മണ്ണോടു മണ്ണായി പോയിക്കൊണ്ടിരിക്കുന്നു. തീരങ്ങളിന്ന് ഒരു മരണവീടിന് സമാനമായി മാറിക്കൊണ്ടിരിക്കുന്നു. പല തീരങ്ങളും മരിച്ചു കഴിഞ്ഞു. ഇനിയും അന്ത്യശ്വാസം വലിച്ചു മരണത്തോടടുത്തുകൊണ്ടിരിക്കുന്നു മറ്റുചിലവ.
സാമ്പത്തിക വരുമാനം മാത്രംകൊണ്ട് തീരങ്ങളെ നോട്ടമിടുന്ന കോർപ്പറേറ്റ് ഭീമന്മാർക്ക് പച്ചക്കൊടി കാട്ടി അവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന ഭരണ സംവിധാനങ്ങളുടെ പിൻബലത്തിൽ കടലിലും തീരങ്ങളിലും അവർ നടത്തുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങളുടെ ഫലമായി ഇന്ന് കടൽ തീരങ്ങളിലേക്ക് ഇരച്ചുകയറി തീരങ്ങളെ വിഴുങ്ങികൊണ്ടിരിക്കുന്നു. വിശാലമായ തീരങ്ങളും വിശ്രമ സങ്കേതങ്ങളും കളിസ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. കാലാവസ്ഥയുടെ വ്യതിയാനങ്ങളിലും വർഷാവർഷങ്ങളിൽ ആനി-ആടി മാസങ്ങളിലെ കടൽകയറ്റത്തിലും നിരവധി നാശനഷ്ടങ്ങളാണ് തീരജനതയ്ക്കുണ്ടാകുന്നത്. കുറെ നാളുകൾക്കു മുമ്പ് നാം മാധ്യമങ്ങളിലൂടെ ഒരു ഭീകര ദൃശ്യം കണ്ടതുമാണ്. ആലപ്പുഴയിലെ ചെല്ലാനം തീരദേശ ഗ്രാമം മുഴുവൻ വേലിയേറ്റത്തിൽ മുങ്ങിത്താണു. ഒരുവശത്ത് മാറാ രോഗവും മറുവശത്ത് മിന്നലാക്രമണവും നേരിട്ട അവർ വീടുകളുടെ മണ്ടയിലാണ് ദിവസങ്ങൾ കഴിഞ്ഞുകൂടിയത്. മരണവെപ്രാളവും ഭയവും അവരെ കീഴടക്കിയിരുന്നു. ചെല്ലാനത്തിനുവേണ്ടി ചെല്ലാനം നിവാസികൾക്കുവേണ്ടി ഒരു കൈ സഹായം ഇപ്പോൾ നിങ്ങൾ ഞങ്ങൾക്ക് നൽകുന്നില്ലായെങ്കിൽ ഒരുപക്ഷേ നാളെ ഞങ്ങൾ ജീവനോടെ കാണുമോ എന്നു തന്നെ ഉറപ്പില്ലായെന്ന ഒരു യുവാവിന്റെ നെഞ്ചു തകർക്കുന്ന വാക്കുകൾ കേരളത്തിലെ സാധാരണക്കാരെ കണ്ണുനീരിലാഴ്ത്തി.
ഒരു യുഗം മുഴുവൻ സമ്പാദിച്ചു കൊണ്ടുണ്ടാക്കിയ ഭവനങ്ങളും മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും തകർന്നടിയുന്നത് നേരിൽ കാണാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. എത്രയോ ദിനരാത്രങ്ങൾ മരണ ഭയത്തിൽ അവർ കഴിഞ്ഞുകൂടി. ഭക്ഷണമില്ലാതെ വലഞ്ഞ നാളുകൾ. ഒരുകാലത്ത് വിശാലമായ വലിയ തീരങ്ങളുണ്ടായിരുന്ന ചെല്ലാനം ഒരു പക്ഷേ കുറച്ച് നാളുകൾക്ക് ശേഷം കേരളത്തിന്റെ ഭൂപടത്തിൽ പോലും കാണില്ല. അങ്ങനത്തെ സ്ഥിതിവിശേഷമാണ് ഇപ്പോൾ അവിടെ സംഭവിച്ചത്. അവർ ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ്. തങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഒരു കടൽഭിത്തി. വർഷങ്ങളായി ഇതേ ആവശ്യം തിരുവനന്തപുരത്തെ തീരജനതയും ബന്ധപ്പെട്ടവരോട് ചോദിച്ചു കൊണ്ടെയിരിക്കുന്നു. ഇലക്ഷൻ സമയമടുക്കുമ്പോൾ മോണ കാട്ടി പല്ലിളിച്ചു കൊണ്ടുവരുന്ന രാഷ്ട്രീയ കോമരങ്ങളെല്ലാം കൊടുക്കുന്ന പ്രധാന വാഗ്ദാനമാണ് കടൽഭിത്തി നിർമ്മാണം. കാര്യങ്ങൾ കഴിയുമ്പോൾ വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കുകളായി മാറുന്നു. പ്രതിസന്ധി വരുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാന്‍പോലും പിന്നെ അവിടെ ആരുമുണ്ടാകില്ല. അവരുടെ ജീവനും ജീവനോപാധികള്‍ക്കും പിന്നെ ദൈവം തുണ. വിശ്വസിച്ച് വോട്ടുചെയ്ത ജനതയ്ക്ക് എന്തുതന്നെ സംഭവിച്ചാലും കുഴപ്പമില്ല തങ്ങളുടെ ജീവൻ സുരക്ഷിതമായിരിക്കണം എന്നുള്ള സ്വാർത്ഥതയാണ് രാഷ്ട്രീയക്കാരെ പിന്നോട്ട് വലിക്കുന്നത്. കടൽ ഭിത്തിയില്ലാത്ത എത്രയെത്ര തീരദേശ ഗ്രാമങ്ങളെ കടലെടുക്കുന്നു. ഉള്ള ഭിത്തികള്‍തന്നെ പുനക്രമീകരിക്കാത്തതിനാലും, പരിപാലിക്കാത്തതിനാലും കടലിന്റെ ശക്തമായ തിരയടിയില്‍ തീരങ്ങളും ഭവനങ്ങളും പിന്നെയും നഷ്ടമാകുന്നു.
പൂന്തുറ മുതൽ അഞ്ചുതെങ്ങ് മാമ്പള്ളിവരെയുള്ള തീരപ്രദേശങ്ങള്‍ ഇതേ സാഹചര്യത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത്. ഉണ്ടായിരുന്ന വിശാലമായ തീരങ്ങൾ മുഴുവൻ വിഴിഞ്ഞം ഹാർബർ ഉയർന്നു വന്നതോടെ കടലിനടിയിലായി. ഇപ്പോൾ അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന് വേണ്ടി പാരിസ്ഥിതിക സന്തുലിതാവസ്ഥയെപ്പോലും കണക്കിലെടുക്കാതെ കടൽ തീറെഴുതി കൊടുത്തപ്പോൾ അതിന്‍റെ ഫലം ലഭിച്ചതോ പാവപ്പട്ട തീരദേശവാസിക്കു മാത്രമായി. വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളവും ശംഖുമുഖവും കുറച്ചു വർഷങ്ങൾക്കു ശേഷം വെറും ഓർമ്മകളായി മാറുമെന്നതില്‍ സംശയമില്ല.
പൂന്തുറതൊട്ട് അഞ്ചുതെങ്ങ്-മാമ്പള്ളി വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളും വസ്തുവകകളും കടലിനടിയിലാകുന്നതും, മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും ദിനംപ്രതിയെന്നോണം ഹാര്‍ബ്ബറിനുള്ളില്‍പോലും തകര്‍ന്ന്പോകുന്നത് വാര്‍ത്തയല്ലാതായിരിക്കുന്നു. കഴിഞ്ഞമാസം മാത്രം പന്ത്രണ്ടോളം അപകടങ്ങളാണ് വിഴിഞ്ഞം-മുതലപ്പൊഴിയുമായി ബന്ധപ്പെട്ട് നടന്നത്
മത്സ്യത്തൊഴിലാളികള്‍ക്കിപ്പോള്‍ സ്വന്തം ഭവനങ്ങളിൽ പോലും അന്തിയുറങ്ങാൻ ഭയമാണ്. എപ്പോൾ വേണമെങ്കിലും കടല്‍ പ്രക്ഷുബ്ധമാകാം, വീട് തകർന്നു വീഴാം. കടൽ തിരമാലകൾ വീടിന്റെ അടിവാരം തോണ്ടി തുടങ്ങിയിരിക്കുന്നു. അന്നന്നുള്ള അന്നത്തിനുവേണ്ടി കടലിനെ ഉപജീവനമാർഗ്ഗമായികണ്ട് പ്രാർത്ഥനയോടെ പ്രതികൂലകാലാവസ്ഥയോട് മല്ലിട്ട് ആഴക്കടലിൽച്ചെന്ന് മത്സ്യബന്ധനം നടത്തുന്ന ഒരുപറ്റം സാധാരണ മനുഷ്യരാണ് ഇവിടങ്ങളിൽ വസിക്കുന്നതെന്ന് നമ്മള്‍ മറന്നുപോകുന്നു. അവർക്ക് വലിയ മാളികമുറികളില്ല, വലിയ ബാങ്ക് ബാലൻസുകളില്ല, കേറി കിടക്കാൻ നല്ല കൂരകളില്ല. കടലിൽ പോയി ലഭിക്കുന്ന വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു വെക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും വട്ടിപ്പലിശ കടമെടുത്തുമൊക്കെയാണ് പലരും ഒരു നല്ല ഭവനം പണിതുയർത്തുകയും ജീവിതം കരുപ്പിടിപ്പിക്കുകയും മത്സ്യബന്ധനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്യുന്നത്. മറ്റുള്ളമനുഷ്യരെപ്പോലെ അവര്‍ക്കും സ്വപ്നങ്ങളൊക്കെയുണ്ട്. എന്നാൽ ആ സ്വപ്നങ്ങളിലെത്തിച്ചേരാൻ ഒരായുഷ്‌കാലം മുഴുവൻ അവർ കടലിനോട് യുദ്ധം ചെയ്യേണ്ടി വരുന്നു. ചിലർ അതിൽ വിജയിക്കുമ്പോൾ ഭൂരിഭാഗവും പരാജിതരായി മാറുന്നു. അങ്ങനെ ഒരു യുഗം മുഴുവൻ ഉണ്ടാക്കിവച്ചതെല്ലാം കടലെടുക്കുന്നത് കാണുമ്പോൾ ഹൃദയം തകർക്കുന്ന വേദനയിൽ നെഞ്ച് പൊട്ടി കരഞ്ഞുകൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പാലായനം ചെയ്യേണ്ടിവരുന്നു. കണ്ണീരുപ്പു കലർന്ന വെള്ളം കുടിക്കേണ്ടി വരുന്നു.
പെട്ടെന്നൊരു ദിവസം ഖദറിട്ട നേതാക്കന്മാർ വന്നു മുതല കണ്ണീരൊഴുക്കുകയും, ക്യാമറക്കുവേണ്ടി പല്ലിളിച്ചു കാണിക്കുകയും, പഴയ വാഗ്ദാനങ്ങളൊക്കെ പൊടിതട്ടിയെടുക്കുമ്പോള്‍ മനസ്സലിയുന്ന തീരത്തെ ജനങ്ങൾ. വോട്ട് ബാങ്കുകളായി തുടരുന്നു. ഭരണസംവിധാനങ്ങൾ കാണിക്കുന്ന നിസ്സംഗതയും, ദൂരെയെവിടെയോ ഫ്ലാറ്റുകൾ നിർമിച്ചു തീരെ ജനതയെ പറിച്ചുനടാൻ കാണിക്കുന്ന താത്പര്യവും തുടരുന്നു. അതിനെതിരെ പ്രതികരിക്കുന്നവർ വികസന വിരോധികളായി മുദ്രകുത്തപ്പെടുന്നു.
തീരത്തെയും തീരത്തെ ജീവിതങ്ങളെയും സ്വപ്നങ്ങളെയും കടലെടുത്തുകൊണ്ടേയിരിക്കുന്നു. തീരമേഖല മരിച്ചുകൊണ്ടിരിക്കുന്നു. അല്ല, അവർ കൊന്നുകൊണ്ടിരിക്കുന്നു. കുഴിമാടങ്ങൾ നിർമ്മിക്കപ്പെടുന്നു. കടൽ ജീവിതങ്ങൾ ആഴങ്ങളിലേക്ക് മുങ്ങുകയാണ്. വരൂ നമുക്ക് പുതിയ ചരമഗീതമെങ്കിലും രചിക്കാം.
Anthony Varghees