അതിരൂപതയിലെ നൂറ് ഇടവകകളിലെയും രക്ഷാസൈന്യങ്ങളായ കടലിന്റെമക്കള്‍ സെക്രട്ടറിയേറ്റ് പടിക്കൽ ഇന്നുമുതല്‍ സമരം ചെയ്യും.ഇനിയുള്ള ദിവസങ്ങളില്‍ അതിരൂപതയുടെ ഒന്‍പതു ഫെറോനകളില്‍നിന്നും മല്‍സ്യത്തൊഴിലാളികള്‍ പങ്കെടുത്തു കൊണ്ടുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഇന്ന് വലിയതുറ ഫെറോനയിലെ കടലിന്റെ മക്കൾ സെക്രെട്ടറിയേറ്റിനു മുന്നിൽ തീര ശബ്ദമുയർത്തും.
തീരശോഷണം,കടലാക്രമണം,ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുമുള്ള മല്‍സ്യത്തൊഴിലാളികളുടെ മോചനം,പുനരധിവാസം,മണ്ണെണ്ണ സബ്‌സിഡി,വിഴിഞ്ഞം തുറമുഖനിര്‍മ്മാണം നിര്‍ത്തിവച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സഹായമെത്രാന്‍.ക്രിസ്തുദാസ്,വികാരി ജനറല്‍ യൂജിന്‍ പെരേര,ചാന്‍സലര്‍ സി.ജോസഫ്,ഫാദര്‍ ജയിംസ് കുലാസ് അതിരൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ദീപക് ആന്റൊ,ഫിഷറീസ് മിനിസ്ട്രി വിഭാഗം ഡയറക്ടര്‍ ഫാ.ഷാജന്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്നലെ സെക്രട്ടറിയേറ്റു നടയിലേക്ക് മാര്‍ച്ച് നടന്നിരുന്നു.
വളരെ ആലോചിച്ചതിനു ശേഷം കൈക്കൊണ്ടസമര തീരുമാനമാണിതെന്ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ആര്‍ച്ചുബിഷപ്പ് തോമസ്.ജെ.നെറ്റോ പറഞ്ഞു.2018 മുതല്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.അതുകൊണ്ട് ആവിശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ചെയ്യുമെന്നും അതിരൂപതാ അധ്യക്ഷൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവച്ച് തീരശോഷണമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സമരത്തിന് നായകത്വം വഹിക്കുന്ന ഫാദര്‍യൂജിന്‍പെരേര പറഞ്ഞു.
പകല്‍ മുഴുവന്‍ നീണ്ടുനിന്ന പുരോഹിതരുടെ ധര്‍ണ്ണക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് തീരത്തെ മല്‍സ്യത്തൊഴിലാളികളും,കെ. എൽ. സി. എ, കെ. എൽ.സി.ഡബ്ലയു. എ, കെ. സി. വൈ. എം, സാമൂഹ്യ ശുശ്രൂഷ സമിതി എന്നീ സംഘടനകളെത്തിയിരുന്നു.