വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൻ്റെ ഇരുപത്തിനാലാം ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം അതിരൂപത ശുശ്രൂഷ പ്രതിനിധികൾ നിരാഹാര സമരത്തിൽ. അതിരൂപത ബി. സി. സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡാനിയേൽ റിലെ സമരം ഉദ്ഘാടനം ചെയ്തു.അൽമായശുശ്രൂഷ ഡയറക്ടർ റവ.ഫാ. മൈക്കിൾ തോമസ്, കെ. എൽ.സി.എ രൂപത പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ, ശ്രീമതി ജെനറ്റ് ക്ലീറ്റസ്(കെ.എസ്. എം.ടി.എഫ്), ശ്രീമതി മേരി (സേവ യൂണിയൻ), ശ്രീ. ജോയ് വിൻസെന്റ് (കെ. എൽ.സി.എ), ശ്രീമതി സുശീല(കെ.എൽ.സി.എ) എന്നിവരാണ് സമരാനുകൂലികളായി ഇന്ന് നിരാഹാരത്തിലിരിക്കുന്നത്. വിദ്യാഭ്യാസ ശുശ്രൂഷ അസി.ഡയറക്റ്റർ ഫാ. ഇമ്മാനുവേൽ, മീഡിയ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഫാ.ദീപക് ആൻ്റോ,അതിരൂപത KLCA,KLCWA, SEWA, KSMTF പ്രതിനിധികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപന്തലിൽ അണിനിരന്നു. ഇന്നത്തെ നിരാഹാര സമരം വലിയതുറയിലേക്ക് നടത്തുന്ന സമാപന റാലിയോടുകൂടി സമാപിക്കും. അതിരൂപത ശുശ്രൂഷ ഡയറക്ടർ ഫാ. ലോറൻസ് കുലാസ് ആയിരിക്കും സമാപന റാലി ഉദ്ഘാടനം ചെയ്യുക.
വിഴിഞ്ഞം തുറമുഖപദ്ധതി ഉപേക്ഷിച്ച് അദാനി കേരളം വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളി കർഷക സംയുക്തസമരസമിതി ജൂൺ 5-നാണ് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്.തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനു മുന്നിലായി ആരംഭിച്ച അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്ന് ഇരുപത്തിനാലാം ദിവസം എത്തിനിൽക്കുന്നു.
സമുദ്ര ആവാസ പരിസ്ഥിതിയും, ബീച്ചുകളും തീരത്ത് വസിക്കുന്ന മനുഷ്യരും അവരുടെ ഭവനങ്ങളും ഉപജീവനവും ഒരുപോലെ സംരക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏറ്റവുമധികം തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശംഖുമുഖം കേന്ദ്രമാക്കിയാണ് സമരം നടക്കുന്നത്.വിഴിഞ്ഞത്തിന് വടക്ക് പനത്തുറ മുതൽ വേളി വരെ കടൽതീര ശോഷണം പതിന്മടങ്ങ് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ നൂറുകണക്കിന് ആളുകളുടെ വീടുകൾ കടലേറ്റത്തിൽ തകർന്നതോടെ അഭയാർത്ഥികളായി സ്കൂളുകളിലും ഗോഡൗണുകളിലും കഴിയേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. നിലവിലെ ഈ സാഹചര്യങ്ങളെ മുൻനിർത്തിക്കൊണ്ട് തീരദേശത്ത് വസിക്കുന്ന ജനങ്ങൾ, അവരുടെ സംഘടനകൾ, കർഷക, ആദിവാസി സംഘടനകൾ,പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യമുള്ള പ്രവർത്തകർ, പ്രസ്ഥാനങ്ങൾ എന്നിവർ കൂട്ടായി സംഘടിപ്പിച്ചിരിക്കുന്ന ഈ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാറാണ് തുടക്കം കുറിച്ചത്.