ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ക്രൈസ്തവ വിശ്വാസത്തേയും കത്തോലിക്കാ സന്യാസത്തെയും അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരെ പുല്ലുവിള ഫെറോനാ കെ. സി. വൈ. എമിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഇരുപതാം തിയതി തിങ്കളാഴ്ച വൈകിട്ട് കക്കുകളി നാടകത്തെ ബഹിഷ്കരിക്കണമെന്ന ആവശ്യത്തെ ചൂണ്ടിക്കാട്ടി നടത്തിയ പ്രതിഷേധത്തിൽ യുവജനങ്ങൾക്കൊപ്പം ഫെറോനയിൽ സേവനമനുഷ്ഠിക്കുന്ന സന്യസ്തരും അണിനിരന്നു.
സിസ്റ്റർ സുനിത പരിപാടിയിൽ സന്യാസി സമൂഹത്തെ പ്രതിനിധീകരിച്ചു സംസാരിച്ചു. പുല്ലുവിള ഫെറോനാ വികാരി ഫാ. സിൽവസ്റ്റർ കുരിശ്, ഫെറോനാ യുവജന ഡയറക്ടർ ഫാ. ജോസ്, ഫാ. സജിത്ത് സോളമൻ, പൂവാർ ഇടവക വികാരി ഫാ. അനീഷ് ഫെർണാണ്ടസ് എന്നിവരും സമ്മേളത്തിൽ പ്രതിഷേധമറിയിച്ച് സംസാരിച്ചു. കൊച്ചുതുറയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി പൂവാർ പള്ളിയങ്കണത്തിൽ സമാപന സമ്മേളനത്തോടെ അവസാനിച്ചു.
തൃശൂർ മുനിസിപ്പൽ കോർപറേഷൻ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ വച്ചാണ് സന്യസ്ഥരെ അവഹേളിക്കുന്ന തരത്തിലുള്ള കക്കുകളി നാടകത്തിന് അനുമതി നൽകിയത്. തരം താഴ്ന്ന ഫലിതങ്ങൾകൊണ്ട് ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്ന നാടകം സ്ത്രീത്വത്തെതന്നെ അപമാനിക്കുന്ന തരത്തിലാണ് ചിത്രീകരിക്കുന്നത്.