സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പലപ്പോഴായി മാറ്റി നിർത്തുന്ന വിഭാഗമായ ബധിര,മൂക വിശ്വാസികൾക്കായി ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ച് വേളി സെന്റ് തോമസ് ദേവാലയം. വേളിയിൽ വി. അന്തോണീസിന്റെ തിരുനാളിനോടനുബന്ധിച്ചാണ് ബധിര,മൂക വിശ്വാസികൾക്കായി പ്രത്യേക ദിവ്യബലി അർപ്പിച്ചത്. കേരളത്തിൽ തന്നെ അത്യപൂർവ്വമായാണ് ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിക്കുന്നത്.
തിരുവനന്തപുരം അതിരൂപതയിലെ വിവിധ ഫെറോനകളിൽ നിന്നായി 200- ൽ അധികം വിശ്വാസികൾ ദിവ്യബലിയിൽ പങ്കെടുത്തു. വളരെ അർത്ഥവത്തായി ആഘോഷങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ബധിര മൂക സഹോദരങ്ങൾക്കായി ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് ഫാ. ലെനിൻ ഫെർണാണ്ടസ് പറഞ്ഞു. കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് ദൈവവചനത്തിലൂടെ മൂല്യാധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുകയാണ് ഈ ദിവ്യബലിയിലൂടെ ലക്ഷ്യമാക്കിതെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ജൂലിയസ് സാവിയോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ അതിരൂപത കുടുംബ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജനിസ്റ്റനായിരുന്നു ആംഗ്യഭാഷ വ്യാഖ്യാതാവ്. പധ്യ സഹോദരങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും എല്ലാ മാസവും അവസാന ഞായറാഴ്ചകളിൽ ഇവർക്കായി വെള്ളയമ്പലം ദേവാലയത്തിൽ ദിവ്യബലി നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു. വിവിധ ഇടങ്ങളിൽ നിന്നെത്തിയ വിശ്വാസികൾക്കൊപ്പം വൈദികരും ദിവ്യബലിയിൽ പങ്കുകാരായി.