2019 നവന്പറിൽ ഇൻഡോനേഷ്യയിൽ വച്ചുനടക്കുന്ന ഏഷ്യൻ U-18 സ്കൂൾസ് ഫുട്ബാൾ ചാന്പ്യൻഷിപ്പിലേക്കുവേണ്ടിയുള്
ള ഇൻഡ്യൻ സ്കൂൾ ഫുട്ബാൾ ടീം ക്യാന്പിലേക്ക് ” ലിഫ” ട്രിവാൻട്രം ഗോൾ കീപ്പർ ഷിക്കു സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. കാൽപ്പന്തുകളിയെ നെഞ്ചിലെറ്റിയ തീരദേശഗ്രാമമായ വള്ളവിള സുനിലിന്റേയും പ്രശിലയുടേയും മകനാണ് ഷിക്കു. വള്ളവിളയിലെ സെന്റ് ആന്റണീസ് സ്പോർട്സ് ക്ളബിലൂടേയാണ് ഷിക്കു തന്റെ കുട്ടിക്കാലം കാൽപ്പന്തുകളിയുടെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങുന്നത്. ഷിക്കുവിന്റെ ഫുട്ബാൾ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് 2015 ൽ “ലിഫ” ട്രിവാൻട്രം റസിഡൻഷ്യൽ അക്കാദമിയിൽ അഡ്മിഷൻ ലഭിച്ചതോടുകൂടിയാണ്. ലിഫയിലെ ചിട്ടയോടുകൂടിയ ശാസ്ത്രീയമായ പരിശീലനവും ഏറെ ഗുണം ചെയ്തതായി ഷിക്കു പറയുന്നു. സ്പോർട്സിന് പ്രശസ്ഥിയാർജ്ജിച്ച തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് സ്കൂളിലെ പ്ളസ് ടു വിദ്യാർദ്ധിയാണ്. കഴിഞ്ഞ വർഷം ജമ്മു കാഷ്മീരിൽവച്ചു നടന്ന അഖിലേന്ത്യ U-17 സ്കൂൾസ് ചാന്പ്യൻഷിപ്പിൽ കേരളത്തിനായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇൻഡ്യൻ ക്യാന്പിലേക്കുള്ള വഴി തുറന്നത്. 2015 ലും U-14 വിഭാഗത്തിൽ ഷിക്കു കേരളത്തിനായി അഖിലേന്ത്യ മൽസരങ്ങളിൽ ഗോൾവല കാത്തിട്ടുണ്ട്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഷിക്കു U-14,17 വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. 2015 ൽ സെന്റ് വിൻസന്റ് സ്കൂളിനെ സുബ്രോതോ മുഖർജി കപ്പിൽ തിരുവനന്തപുരം ജില്ല ചാന്പ്യൻമാരാക്കിയ നായകൻകൂടിയാണ് ഷിക്കു സുനിൽ. അസാമാന്യ ടൈംലി പൊസിഷനിംഗും, ഡൈവിംഗ് കപ്പാസിറ്റിയും ഗെയിം ഇന്റെലിജൻസുമാണ് ഷിക്കുവിന്റെ പ്രത്യേകതയെന്ന് ലിഫ ടെക്നിക്കൽ ഡയറക്ടറും മുഖ്യ പരിശീലകനുമായ ക്ളെയോഫാസ് അലകസ് പറയുന്നു. ഏ. എഫ്. സി. “എ” ലൈസൻസ് ഹോൾഡറും ഏ. എഫ്. സി. ഗോൾ കീപ്പർ ലെവൽ ടൂ ലൈസൻസ് ഹോൾഡറും കൂടിയായ ക്ളെയോഫാസ് അലക്സിന്റെ ശിക്ഷണം തന്നെയാണ് ഷിക്കുവിനും ലിഫയിലെ മറ്റു താരങ്ങൾക്കും കരുത്തുപകരുന്നത്.