മത്സ്യത്തൊഴിലാളികളുടെ അവകാശ സമരം 80 ദിവസം പിന്നിടുമ്പോഴും സമരം ന്യായമാണെന്ന് സമ്മതിക്കുന്ന അധികാരികൾ അനുകൂലമായ നടപടികൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ വനിതാ സംഘടനകളെയും പാരിസ്ഥിതിക സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് സമരം ശക്തമാക്കാനുള്ള സമര സമിതിയുടെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട്, നിരവധി സ്ത്രീകളാണ് ഇന്നലെമുതൽ വനിത സംഘടനകളുടെ നേതൃത്വത്തിൽ സമരമുഖത്തെത്തുന്നത്. വരും തലമുറയുടെ ഭാവിയെങ്കിലും ഞങ്ങൾക്ക് സുരക്ഷിതമാക്കണമെന്നാണ് സമരമുഖത്തെത്തുന്ന സ്ത്രീ ജനങ്ങളൊന്നടങ്കം പറയുന്നത്.
ഈ മാസം 15 വരെ വിവിധ വനിതാ സംഘടനകൾ സമരത്തിന് നേതൃത്വം നൽകും. 6-ന് വലിയതുറ ഫെറോന വനിതകൾ, 7-ന് പുതുക്കുറിച്ചി ഫെറോന വനിതകൾ, 8- ന് കോവളം ഫെറോനയിലെ വനിതാ സംഘടനകൾക്കൊപ്പം വോയിസ് സംഘടനയും, 9-ന് അഞ്ചുതെങ്ങ് ഫെറോന വനിതകൾ, 10- ന് പുല്ലുവിള ഫെറോനയിലെ വനിതകൾ, 11-ന് പാളയം ഫെറോനയിലെ വനിതകൾ, 12- ന് പേട്ട, കഴക്കൂട്ടം ഫെറോനയിലെ വനിതകൾ, 13- ന് അതിരൂപത വനിതാ വേദി, 14- ന് പൂന്തുറ ഇടവകയിലെ വനിതകൾ, 15- ന് വിഴിഞ്ഞം ഇടവകയിൽ നിന്നുമുള്ള വനിതകളും സമരത്തിന് നേതൃത്വം നൽകും.
ഏഴ് ആവശ്യങ്ങളിൽ അഞ്ച് കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതരെ വാടക നൽകി മാറ്റി പാർപ്പിക്കാൻ വെറും 5500 രൂപ നൽകി എന്നത് മാത്രമാണ് ആകെ നടന്ന കാര്യം.
സമരം കൂടുതൽ ദിവസങ്ങൾ പിന്നിടുന്തോറും മത്സ്യതൊഴിലാളി സമൂഹത്തിന്റെ ആശങ്കകളും വർദ്ധിക്കുകയാണ്. നീതി നിഷേധിക്കപ്പെട്ട ഈ ജനതയുടെ വേദന നിറഞ്ഞ ശബ്ദമാണ് സമരമുഖത്തുനിന്നുയരുന്ന ഓരോ മുദ്രവാക്യങ്ങളും. ഈ മുദ്രാവാക്യങ്ങൾക്കുശിരേകാൻ വരും നാളുകളിൽ സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.