പെരുമാതുറ മുതലപ്പൊഴിയിൽ തുടർച്ചയായ നാലാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട മൂന്നു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ബൈജുവിന്റെ ഉടമസ്ഥതയിലുള്ള ഫിയാമോൾ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മനോജ്(32),രമേശ്(58), ടെറി(48) എന്നിവരെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് രക്ഷപ്പെടുത്തി.
അപകടത്തിൽ പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വള്ളത്തിലെ വലകൾ നഷ്ടപ്പെടുകയും വള്ളത്തിനും എഞ്ചിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ശനിയാഴ്ചയും തിങ്കളാഴ്ചയും അഴിമുഖത്ത് സമാനമായ രീതിയിൽ അപകടങ്ങൾ സംഭവിച്ചിരുന്നു.