സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും തീർത്ഥാടന സന്ദേശവുമായി ഫ്രാൻസിസ് പാപ്പ ബഹ്‌റൈനിലെത്തി. ഷിയാ വിഭാഗത്തിലുള്ള മുസ്ലിം മത വിഭാഗക്കാർ കൂടുതലായുള്ള ബെഹ്‌റൈനിലെ സിവിൽ, സഭാ അധികാരികളുടെ ക്ഷണം സ്വീകരിച്ചാണ് പാപ്പാ ബെഹ്‌റൈനിലെത്തിയത്. അവാലി, മനാമ എന്നീ നഗരങ്ങൾ ഫ്രാൻസിസ് പാപ്പ സന്ദർശിക്കും. ബെഹ്‌റൈനിൽ പതിനഞ്ചു ശതമാനത്തോളം ജനങ്ങൾ ക്രൈസ്തവരാണ്. ഏതാണ്ട് ഒരു ലക്ഷത്തി അറുപതിനായിരത്തോളം വരുന്ന ക്രൈസ്തവരിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാരും ഇവിടെയുണ്ട്. ബഹ്റൈനിലെ ക്രൈസ്തവരുമായി കണ്ടുമുട്ടുന്ന ഫ്രാൻസിസ് പാപ്പ മതാന്തര സംവാദങ്ങൾക്കുള്ള പ്രാധാന്യത്തെ ഈ അപ്പോസ്തോലിക യാത്രയിലൂടെയും എടുത്തു കാണിക്കും.
പാരിസ്ഥിതിക സൗഹൃദപരമായ ഒരു അപ്പോസ്ഥലിക യാത്രയാണ് ഫ്രാൻസിസ് പാപ്പ ഇത്തവണ നടത്തുന്നത്. പാപ്പയെ ബഹ്റൈനിലേക്ക് കൊണ്ടുപോകുന്ന ഈത്ത കമ്പനിയുടെ എയർ ബസ് A330 പരിസ്ഥിതി ആഘാതം ഇല്ലാത്ത ഒരു ഇന്ധനമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. യാത്രയ്ക്ക് മുൻപായി ഈത്ത കമ്പനിയുടെ ഡയറക്ടർ ജനറൽ ഫാബിയോ മരിയ ലാസ്സെറീനി ഇതുമായി ബന്ധപ്പെട്ട സുസ്ഥിരതയുടെ പ്രകടനമായ ഒരു ക്യാൻവാസ് ചിത്രം പാപ്പയ്ക്ക് കൈമാറി.
വത്തിക്കാനിൽ നിന്ന് ഇറ്റലിയുടെ അധികാര പരിധിയിലുള്ള റോമിലെ ഹ്യുമിച്ചീനോ ലെയൊനാർദോ ദാവിഞ്ചി വിമാനത്താവളത്തിൽനിന്ന് ബെഹ്‌റൈനിലെ അവാലിയിലേക്കുള്ള യാത്രയിൽ പാപ്പ ഗ്രീസ്, സൈപ്രസ്, ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെയാണ് യാത്ര ചെയ്തത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും തീർത്ഥാടകനായി ബെഹ്‌റൈനിലേക്ക് പുറപ്പെടുന്ന താൻ, വിവിധ നാഗരികതകളും മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കണ്ടുമുട്ടലുകളുടെ പ്രാധാന്യത്തിന് സാക്ഷ്യം നൽകാനാണ് യാത്രയാകുന്നതെന്ന് പാപ്പ ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മത്തറെല്ലയ്ക്കയച്ച ടെലിഗ്രാം സന്ദേശത്തിൽ എഴുതി.
ഗ്രീസ്, സൈപ്രസ്, ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ തലവന്മാർക്കും ടെലിഗ്രാം സന്ദേശത്തിലൂടെ തന്റെ യാത്രയെക്കുറിച്ച് അറിയിച്ച പാപ്പാ ആ രാജ്യങ്ങളിലെ ജനങ്ങൾക്ക് ദൈവാനുഗ്രഹങ്ങളും സമാധാനവും നേർന്നു.