വിഴിഞ്ഞം വാണിജ്യ തുറമുഖം തീരത്തിനും തീരജനതയ്ക്കും വരുത്തുന്ന ആഘാതത്തിനെതിരെ മത്സ്യത്തൊഴിലാളികൾ തുടങ്ങിയ അതിജീവനസമരത്തിന് ഒരുവർഷം പൂർത്തിയാകുന്ന ജൂലൈ 20 ന് വെള്ളയമ്പലത്ത് പൊതുസമ്മേളനം നടന്നു. വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ കമ്മ്യുണിറ്റി ഹാളിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് യോഗാധ്യക്ഷൻ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ സംസാരിച്ചു.
സഭയുടെ ചരിത്രത്തിൽ തന്നെ ഇതിഹാസ പൂർണ്ണമായി തീർന്നൊരു സംഭമായിരുന്നു വിഴിഞ്ഞം സമരം. കേരള സമൂഹത്തിനു മുന്നിൽ മത്സ്യതൊഴിലാളി സമൂഹത്തിനായി പോരാടിയ ഇതിഹാസ സംഭവങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് രചിച്ച പുസ്തകം വാർഷികത്തിൽ പ്രസിദ്ധീകരിക്കുന്നത് അഭിമാനകരമായി തോന്നുന്നു. ബൈബിളിൽ പരാമർശിക്കുന്ന പുറപ്പാട് സംഭവം പോലെ പ്രത്യാശ കൈവെടിയാതെ പ്രതിസന്ധികൾ തരണംചെയ്ത്, അതിജീവനസമരം തീരജനതയുടെ അവകാശം നേടുംവരെ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതി ലോകത്തിൽ ഇത്തരത്തിൽ ആദ്യമായി ചെയ്യുന്ന പദ്ധതിയല്ലെന്നും, കോർപ്പറേറ്റുകളുടെ വളർച്ചയെ മാത്രം ലക്ഷ്യമാക്കികൊണ്ട് അധികാരികളുടെ പിന്തുണയോടെ പദ്ധതിയുടെ ദൂഷ്യവശം അനുഭവിക്കുന്ന ജനങ്ങളുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്ത് നടത്തുന്ന പദ്ധതികളിൽ ഒന്ന് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും ഇതിന്റെ ഭാഗമായി ദുരന്തമനുഭവിക്കുന്നത് അന്നന്നുള്ള അന്നത്തിനായി, ഉപജീവന മാർഗത്തിനായി അധ്വാനിക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത ഫ്രീലാൻസ് മാധ്യമ-പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു.
തുറമുഖ നിർമ്മാണം സൃഷ്ടിക്കുന്ന സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ചും കടലിന്റെ ആവാസ വ്യവസ്ഥകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും സമരസമിതി രൂപീകരിച്ച ജനകീയ പഠനസമിതി ചെയർമാൻ ഡോ. കെ. വി. തോമസ് ഇടക്കാല റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു.
കേരള ഖത്തീബ്സ് ആന്റ് ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി പരിപാടിയിൽ മുഖ്യസന്ദേശം നൽകി സംസാരിച്ചു. `വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം ഒരു നേർക്കാഴ്´ എന്ന പുസ്തകത്തിന്റെ പ്രകാശനം അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. സൂസപാക്യം എം നിർവഹിക്കുകയും മത്സ്യത്തൊഴിലാളിയും സമരമുഖത്ത് സജീവനുമായിരുന്ന സിൽവസ്റ്റർ മൈക്കിളിന് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകുകയും ചെയ്തു. ഡോ. ഐറിസ് കൊയ്‌ലോ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ സന്ദേശം നൽകി സംസാരിച്ചു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. ജാക്സൺ പൊള്ളയിൽ, പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ഇ. പി. അനിൽ, കെ. ആർ. എൽ. സി. സി. അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. ജിജു അറക്കത്തറ,വിഴിഞ്ഞം കൗൺസിലർ ശ്രീ. പനിയടിമ ജോൺ, അതിരൂപത കെ. എൽ. സി. എ പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ, കെ. എൽ. സി. ഡബ്ലിയു. എ പ്രസിഡന്റ് ജോളി പത്രോസ്, അതിരൂപത അൽമായ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. നിക്‌സൺ ലോപ്പസ്, ടീച്ചേഴ്‌സ് ഗിൾഡ് പ്രസിഡന്റ് ശ്രീ.ഇഗ്നേഷ്യസ് ലയോള, ടി.എം.എഫ്. സെക്രട്ടറി ശ്രീ. ജസ്റ്റിൻ ബെയിനിൽ, അതിരൂപത കെ. സി. വൈ. എം പ്രസിഡന്റ് ശ്രീ. സനു സാജൻ, കെ. എൽ. എം. പ്രസിഡന്റ് ശ്രീ. എറോണിയാസ് ജോൺ, എന്നിവർ സംസാരിച്ചു.