കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്പ്സ് കൗൺസിലിനും (കെ.ആർ.എൽ.സി.ബി.സി) കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിലിനും(കെ.ആർ.എൽ.സി.സി) പുതിയ നേതൃത്വം തെരുഞ്ഞെടുക്കപ്പെട്ടു. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച 40-ആം ജനറൽ അസംബ്ലിയിൽ വച്ചാണ് കെ.ആർ.എൽ.സി.ബി.സി. -കെ.ആർ.എൽ.സി.സി. പ്രസിഡന്റായി കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിലെയും, വൈസ് പ്രസിഡന്റായി വിജയപുരം ബിഷപ്പ് സെബാസ്ത്യൻ തെക്കേത്തെച്ചേരിയെയും, സെക്രട്ടറി ജനറലായി തിരുവന്തപുരം അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ് രാജപ്പനെയും തെരെഞ്ഞെടുത്തത്.
നിലവിലെ കെ.ആർ.എൽ.സി.ബി.സി. -കെ.ആർ.എൽ.സി.സി. പ്രസിഡന്റ് കൊച്ചി രൂപതാ മെത്രാൻ ജോസഫ് കരിയലും, വൈസ് പ്രസിഡന്റ് നെയ്യാറ്റിൻകര രൂപതാ മെത്രാൻ വിൻസെന്റ് സാമുവലും, സെക്രട്ടറി ജനറൽ പുനലൂർ രൂപതാ മെത്രാൻ സിൽവസ്റ്റർ പൊന്നുമുത്തനും സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി 14, 15 തീയതികളിലായി നടന്ന ജനറൽ അസംബ്ലിയിൽ ‘നവലോക യുവജന ശുശ്രൂഷ: നയങ്ങളും ആഭിമുഖ്യങ്ങളും’ എന്ന ആശയം പ്രധാന ചർച്ചാ വിഷയമായിരുന്നു. 2 ലത്തീൻ രൂപതകളിലെയും രൂപതാധ്യക്ഷന്മാരും, 12 രൂപതകളിൽ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികളും അസംബ്ലിയിൽ പങ്കെടുത്തു.